മന്ത്രിസഭാ യോഗം: പുതിയ ഡോക്ടർമാർക്ക് തൊഴില്‍ നല്‍കുന്നതിന് നടപടി
text_fieldsമനാമ: പുതുതായി വൈദ്യശാസ്ത്ര ബിരുദം നേടിയവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നടപടി വേഗത്തിലാക്കാന്‍ മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. പണി പൂര്‍ത്തിയായ പാര്‍പ്പിട യൂണിറ്റുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. വെസ്റ്റ് ഹിദ്ദ് പാര്‍പ്പിട പദ്ധതി, ബുഹൈര്‍ പാര്‍പ്പിട പദ്ധതി എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിര്‍ദേശം. ജനങ്ങളുടെ പൊതു ആവശ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍പ്പിട പദ്ധതികള്‍ നിലകൊള്ളുന്ന പ്രദേശങ്ങള്‍ ഭംഗിയായി നിലനിര്‍ത്താനും പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്താനൂം ശ്രദ്ധിക്കണമെന്ന് പ്രിന്‍സ് ഖലീഫ ഉണര്‍ത്തി.
രാജ്യത്തെ വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു. ബീച്ചുകള്‍, പാര്‍ക്കുകള്‍, ദ്വീപുകള്‍ എന്നിവ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാക്കാനാണ് നിര്‍ദേശം. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മന്ത്രിസഭ ആരോഗ്യ മന്ത്രിയില്‍ നിന്ന് വിശദീകരണം കേള്‍ക്കുകയും വൈറസ് പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ കാബിനറ്റ് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തിെൻറ പൊതു ബജറ്റിലെ 2017 വര്‍ഷത്തെ അന്തിമ കണക്കുകള്‍ കാബിനറ്റ് അംഗീകരിച്ചു. കസ്റ്റംസ് ഡയറക്ടറേറ്റ് പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓരോ ഡിപ്പാര്ട്ടുമെൻറുകളുടെയും പ്രവര്‍ത്തന സൗകര്യം, കസ്റ്റംസിെൻറ ലക്ഷ്യ പൂര്‍ത്തീകരണം, സാമ്പത്തിക-സുരക്ഷാ മേഖല എന്നിവ കണക്കിലെടുത്താണ് പുന:സംഘടനയുണ്ടാവുക.
ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് ബ്യൂറോയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചു. സുസ്ഥിര വളര്‍ച്ചാ ലക്ഷ്യം നടപ്പാക്കുന്നതിനുള്ള ആദ്യ ദേശീയ സന്നദ്ധ സേവന റിപ്പോര്‍ട്ട് കാബിനറ്റ് അംഗീകരിച്ചു. കൂടുതല്‍ തെഴിലവസരങ്ങള് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് ഉചിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ നിയന്ത്രണത്തിലാക്കുന്നതിനുമുള്ള ശ്രമം ശക്തിപ്പെടുത്തും. 2017ല്‍ നടത്തിയ തൊഴില്‍ മേളകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തൊഴിൽ, സാമുഹിക ക്ഷേമകാര്യ മന്ത്രി സഭയില്‍ വിശദീകരിച്ചു. 2018 ല്‍ ഇതുവരെയായി 12 തൊഴില്‍ ദാന മേളകള്‍ സംഘടിപ്പിച്ചതായും മന്ത്രി അറിയിച്ചു.
മൊബൈല്‍ ടവറുകളുടെ റേഡിയേഷനെ സംബന്ധിച്ച് പ്രത്യേക ഉപകരണം വഴി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിച്ചു. 2500 ഓളം പ്രദേശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. റേഡിയേഷന് തോത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രിസഭ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
