മന്ത്രിസഭാ യോഗം: ദക്ഷിണ ഗവര്‍ണറേറ്റില്‍ 14 പദ്ധതികള്‍ നടപ്പാക്കും
text_fieldsമനാമ: ദക്ഷിണ ഗവര്‍ണറേറ്റില്‍ 14 പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 11 പദ്ധതികളെക്കുറിച്ച് പഠനം നടത്താന്‍ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. മോഡല്‍ ഗേള്‍സ് സ്കൂള്‍, സല്ലാഖ് യൂത്ത് സെൻറര്‍, ഈസ ടൗണ്‍ പാരമ്പര്യ മാര്‍ക്കറ്റ് നവീകരണം എന്നീ പദ്ധതികളാണ് നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഖലീഫ ടൗണ്‍ നിവാസികള്‍ക്ക് പ്രയോജനപ്പെടുന്ന പുതിയ ഹെല്‍ത് സെന്റര്‍, റിഫ മാര്‍ക്കറ്റ് നവീകരണം, ഹുനൈനിയ്യ വാട്ടര്‍ പാര്‍ക്ക്, 96 ാം നമ്പര്‍ റോഡ് നവീകരണം, അസ്കര്‍ പ്ലേ ഗ്രൗണ്ട് നവീകരണം, റിഫ മാര്‍ക്കറ്റില്‍ കാമറ സ്ഥാപിക്കല്‍ എന്നിവയെക്കുറിച്ച് പഠനം നടത്താനൂം തീരുമാനിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഐ.ടി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നല്കി വരുന്ന കിങ് ഹമദ് യുനെസ്കോ അവാര്‍ഡില്‍ വിജയികളായവരെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ യുനെസ്കോ ലക്ഷ്യമിടുന്ന തരത്തില്‍ ഐ.ടി ഉപയോഗം ശക്തിപ്പെടുത്തുന്നതിന് അവാര്‍ഡ് വഴിവെച്ചതായി വിലയിരുത്തി.
13 ാമത് മിഡിലീസ്റ്റ് ജിയോ സയണ്സ് 2018 എക്സിബിഷനും സമ്മേളനവും വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചതിന് സംഘാടകര്‍ക്ക് പ്രധാനമന്ത്രി പ്രത്യേകം ആശംസകള്‍ നേര്‍ന്നു. ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്ഡസ്ട്രിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് മന്ത്രിസഭ
ആശംസകള്‍ നേര്‍ന്നു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച വാണിജ്യ-, വ്യവസായ, ടൂറിസം മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തെറ്റായ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ചില ചികില്‍സകളെ സംബന്ധിച്ച് പരിശോധിച്ച് നടപടിയെടുക്കാനും ഇക്കാര്യത്തിലാവശ്യമായ നിരീക്ഷണം ശക്തമാക്കാനൂം ആരോഗ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ആല് സുഊദിന്റെ ബ്രിട്ടണ് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത കാബിനറ്റ് സൗദിയും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തമാക്കാനും വിവിധ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും മേഖലയുടെ സുരക്ഷക്ക് അനുഗുണമായ നടപടികളുണ്ടാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. അള്‍ജീരിയയില്‍ നടന്ന 35 ാമത് അറബ് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലും അബൂദബിയില്‍ നടന്ന സുരക്ഷാ സഖ്യ രാഷ്ട്രങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുത്തതിെൻറ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി സഭയില്‍ അവതരിപ്പിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
