മന്ത്രിസഭാ യോഗം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിന് അഭിനന്ദനം
text_fieldsമനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോപ്പ് കൂട്ടിയിരുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടാന്‍ സാധിച്ചത് ആഭ്യന്തര മന്ത്രാലയത്തിന് മറ്റൊരു സുവര്‍ണ ഏടാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം 116 തീവ്രവാദികളെ പിടികൂടിയ സംഭവത്തിെൻറ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ബഹ്റൈനില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനും അക്രമങ്ങളിലൂടെ സുരക്ഷാ-സാമ്പത്തിക മേഖലകളില്‍ ആഘാതമേല്പിക്കാനുമാണ് ഇറാന് വിപ്ലവ ഗാര്‍ഡുകളുടെ സഹായത്തോടെ വിവിധ സംഘങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവരുടെ ആയുധപ്പുരകളും പരിശീലന കേന്ദ്രങ്ങളും ആഭ്യന്തര മന്ത്രാലയത്തിെൻറ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞത് വലിയൊരു അപകടത്തില്‍ നിന്നാണ് ബഹ്റൈനെ രക്ഷിച്ചതെന്ന് കാബിനറ്റ് വിലയിരുത്തി.
തീവ്രവാദത്തിെൻറ അടിവേര് അറുക്കാനും അതിെൻറ അപകടങ്ങളില്‍ നിന്ന് ബഹ്റൈന്‍ സമൂഹത്തെ രക്ഷിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടികള്‍ക്ക് കാബിനറ്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയും രാജ്യത്തിെൻറ സുരക്ഷക്കായി സമൂഹം ഒറ്റക്കെട്ടായി നിലകൊളളണമെന്ന് കാബിനറ്റ് ആവശ്യപ്പെടുകയും ചെയ്തു. നഈം നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിെൻറ ഭാഗമായി മോഡല്‍ യൂത്ത് സെൻറര്‍ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഇതിനായി പൊതുമരാമത്ത്,മുനിസിപ്പല്‍,നഗരാസൂത്രണ കാര്യ മന്ത്രാലയം, യുവജന-കായിക മന്ത്രാലയം എന്നിവയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈന്‍ ഫസ്റ്റ് ആഘോഷ പരിപാടികള്‍ ജനങ്ങളില്‍ ഭരണാധികാരികളോടും രാജ്യത്തോടുമുളള കൂറ് വര്‍ധിപ്പിക്കാനിടയാക്കുന്ന ഒന്നായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തിലായിരുന്നു ആഘോഷ പരിപാടികള്‍. വിവിധ മേഖലകളില്‍ രാജ്യം മുന്‍ നിരയിലെത്താന്‍ സാധിച്ചുവെന്ന ഓര്‍മപ്പെടുത്തലായിരുന്നു പരിപാടിയെന്ന് കാബിനറ്റ് വിലയിരുത്തി. വ്യോമഗതാഗത നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതിനായി വിവിധ അതോറിറ്റികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയുണ്ടാക്കാനും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുമാണിത്. 1944ലെ ചിക്കാഗോ കരാറനുസരിച്ചാണ് വ്യോമഗതാഗതം എളുപ്പത്തിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുള്ളത്. പ്രകൃതിപരമായ മൂലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ബദല്‍ ബേബി ഉല്പന്നങ്ങള് ഉപയോഗിക്കുന്നതിന് നിയന്ത്രമേര്പ്പെടുത്താനും കാബിനറ്റ് അംഗീകരിച്ചു. ഇത്തരം ഉല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിര്‍ദേശങ്ങളും ഗുണനിലവാരവും പാലിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാന്‍ ആരോഗ്യ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ഘടന പരിഷ്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
