മന്ത്രിസഭ യോഗം: വിവിധ പ്രദേശങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കും
text_fieldsമനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ യു.എസ് സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിൽ, അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളുമായി നടത്തിയ കുടിക്കാഴ്ച ബഹ്‌റൈനും യു.എസും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തപ്പെട്ടു. സാമ്പത്തിക-വ്യാപാര-സൈനിക മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലും കിരീടാവകാശി ഒപ്പുവെക്കുകയുണ്ടായി. ഭരണപരവും സാമ്പത്തികവുമായ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങൾ കാബിനറ്റ് ചര്‍ച്ച ചെയ്തു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഓഡിറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള കോഒാഡിനേഷന്‍ സമിതിയെ ചുമതലപ്പെടുത്തും.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിവിധ പ്രദേശങ്ങളിലെ മന്ത്രിമാരുടെ സന്ദര്‍ശന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. വിദേശ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും തുടരും. അതുവഴി വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാൻ സാധിക്കുമെന്ന് അഭിപ്രായമുയർന്നു. ദുറാസ്, ബുദയ്യ, ബനീജംറ, ഖുറയ്യ, ഉമ്മുല്‍ഹസം, ഹൂറ, ഗുദൈബിയ, ഗലാലി, സിത്ര, നബീഹ് സാലിഹ്, ഈസ ടൗണ്‍, മാലികിയ, അറാദ്, ദേര്‍, ഹിദ്ദ്, നഈം, റാസ്‌റുമ്മാന്‍, സല്ലാഖ്, അസ്‌കര്‍ എന്നിവിടങ്ങളിലെ ആരോഗ്യ-കായിക-യുവന സേവനങ്ങള്‍ ശക്തിപ്പെടുത്തും. ഇതനുസരിച്ച് ദുറാസ്, സിത്ര, ഗലാലി എന്നിവിടങ്ങളില്‍ ഹെല്‍ത് സെൻററുകള്‍ ആരംഭിക്കുന്നതിന് പഠനം നടത്തും. ഹിദ്ദ്, റാസ്‌റുമ്മാന്‍ എന്നിവിടങ്ങളിലെ ഹെൽത്ത് സെൻററുകള്‍ വികസിപ്പിക്കുന്നതിനും സിത്ര പ്രസവാശുപത്രി പുതുക്കിപ്പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സിത്രയില്‍ കളിസ്ഥലവും കായിക കേന്ദ്രവും ആരംഭിക്കും. ഗലാലി ക്ലബിന് കെട്ടിടം പണിയുന്നതിനും, ഉമ്മുല്‍ ഹസം, ഖുറയ്യ, ഹൂറ, ഗുദൈബിയ എന്നിവിടങ്ങളില്‍ ഫുട്‌ബാള്‍ ഗ്രൗണ്ടിന് സ്ഥലം നിര്‍ണയിക്കുന്നതിനും സല്ലാഖില്‍ യുവജന കേന്ദ്രം സ്ഥാപിക്കുന്നതിനും നടപടി കൈക്കൊള്ളാന്‍ യുവജന-സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. വിവിധ പ്രദേശങ്ങളുടെ അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് തുക വകയിരുത്തുന്നതിനും നിര്‍ദേശിച്ചു.
വിവിധ സ്‌കൂളുകളിലെ കെട്ടിടങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കുകയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ദേശീയ ആംബുലന്‍സ് സെൻറര്‍ സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതിൽ തീരുമാനമെടുക്കാൻ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധന സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. ട്രാഫിക് ഡയറക്ടറേറ്റിെൻറ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് കൈമാറാനാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുയര്‍ന്ന നിര്‍ദേശം കൂടുതല്‍ ചര്‍ച്ചക്കും പഠനത്തിനുമായി നിയമകാര്യ മന്ത്രിതല സമിതിക്ക് കൈമാറാൻ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
