ബുദയ്യ കർഷക വിപണിയിൽ മന്ത്രിമാരുടെ സന്ദർശനം
text_fieldsകർഷക വിപണി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നു
മനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നുവരുന്ന ബഹ്റൈനി കർഷക വിപണി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ്, ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ദേശീയ കാർഷിക വികസന സംരംഭം (NIAD) സെക്രട്ടറി ജനറൽ ഷെയ്ഖ മറാം ബിൻത് ഈസ അൽ ഖലീഫ എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിൽ സ്വദേശി കർഷകർക്ക് അർഹമായ പ്രാധാന്യം നൽകുന്നതിനുള്ള ദേശീയ പ്ലാറ്റ്ഫോമാണ് ഈ കർഷക വിപണിയെന്ന് മന്ത്രി വേൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.
ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടുകൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് കാർഷിക മേഖലയുടെ വികസനം നടപ്പിലാക്കുന്നത്. കാർഷിക വിപണിക്ക് ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ നൽകുന്ന നിരന്തരമായ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. കർഷക വിപണിയുടെ അഞ്ചാം ആഴ്ചയിൽ സ്വദേശികളും വിദേശികളും അടക്കം വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വിവിധയിനം പ്രാദേശിക പച്ചക്കറികൾ, ഈന്തപ്പഴം, തേൻ, ചെടികൾ എന്നിവയ്ക്ക് പുറമെ തദ്ദേശീയമായ ഭക്ഷണശാലകളും പരമ്പരാഗത കലാപരിപാടികളും വിപണിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

