ഹമദ് രാജാവിന്റെ ചൈന സന്ദർശനം വിജയകരമെന്ന് മന്ത്രിസഭ
text_fieldsഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗം
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ചൈന സന്ദർശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് ഹമദ് രാജാവ് ചൈന സന്ദർശിക്കാനെത്തിയത്.
ചൈനക്കും ബഹ്റൈനുമിടയിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിച്ചതായും കാബിനറ്റ് വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിലുള്ള നിലപാടുകളും ചർച്ചയിലുയർന്നു. അറബ്, ചൈനീസ് സഹകരണ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചു ചേർക്കാനും ഫലസ്തീൻ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുന്നതിനുള്ള ഹമദ് രാജാവിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
54 മത് അറബ് ഇൻഫർമേഷൻ മന്ത്രിതല സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്റൈനിൽ നിന്നുള്ള തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പ്രധാനമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. സുരക്ഷിതത്വവും എളുപ്പവും തീർഥാടകർക്ക് ഒരുക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന് സൗദി ഭരണകൂടത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കുവൈത്ത് കിരീടാവകാശിയായി നിയമിതനായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് കാബിനറ്റ് ആശംസകൾ നേർന്നു. പരീക്ഷകളിൽ ഉയർന്ന വിജയം നേടിക്കൊടുത്ത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും കാബിനറ്റ് പ്രത്യേകം നന്ദി അറിയിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് കാബിനറ്റ് നിർദേശിച്ചു. ഗസ്സയിൽ വെടിനിർത്തലിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രവർത്തനങ്ങളെ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു.
യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ഫലസ്തീനികളുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കാനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാനും ഈ ശ്രമങ്ങൾ വഴിവെക്കട്ടെയെന്നും ആശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

