ശ്രാവണം 2026ന് സാംസ്കാരിക നിറപ്പകിട്ട്; മന്ത്രി പി. സി. വിഷ്ണുനാഥ് ബഹ്‌റൈനിൽ
text_fieldsമന്ത്രി പി. സി. വിഷ്ണുനാഥ്
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന് കൂടുതൽ മിഴിവേകി കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും. മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം മിഷൻ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ ഭാഷയും സംസ്കാരവും പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തമായി വളർത്തുന്നതിനുള്ള മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് ഈ ചടങ്ങ് പുതിയ ഊർജം പകരും.
വൈകിട്ട് 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വനിത വേദി അവതരിപ്പിക്കുന്ന ‘അരുദ്ര’ മെഗാ തിരുവാതിരയിലും മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ തനത് കലാപാരമ്പര്യവും സ്ത്രീകളുടെ കൂട്ടായ്മയും ആഘോഷമാക്കുന്ന മെഗാ തിരുവാതിര ശ്രാവണം 2026ലെ ശ്രദ്ധേയമായ സാംസ്കാരിക വിരുന്നായി മാറും.
പ്രവാസി മലയാളികളുടെ സാംസ്കാരിക പൈതൃകവും കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്‌റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപ്പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കമ്മിറ്റി ചെയർമാൻ ഹരീ കൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.
മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം പ്രവാസി മലയാളി സമൂഹവും കേരളത്തിന്റെ സാംസ്കാരിക നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം, ശ്രാവണം 2026ന്റെ ആഘോഷങ്ങൾക്ക് പുതിയൊരു സാംസ്കാരിക അധ്യായം കൂടി സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

