മന്ത്രിസഭാ യോഗം ഹജ്ജ് നിര്‍വഹണം ഉറപ്പുവരുത്താന്‍ സൗദി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു
text_fieldsമനാമ: സമാധാനപരമായ ഹജ്ജ് നിര്‍വഹണം ഉറപ്പുവരുത്താന്‍ സൗദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
ബലിപെരുന്നാള്‍ അടുത്തെത്തിയ സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ബഹ്റൈന്‍ ജനതക്കും അറബ് ഇസ്ലാമിക സമൂഹത്തിനും നന്മയും അഭിവൃദ്ധിയും നേടാന്‍ പെരുന്നാള്‍ കരുത്ത് നല്കട്ടെയെന്നും ആശംസിച്ചു. ബഹ്റൈനില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നതിന് വിശുദ്ധ സ്ഥലങ്ങളില്‍ എത്തിയ എല്ലാവര്ക്കും തങ്ങളുടെ കര്‍മങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ചൈതന്യത്തോടെ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയവര്‍ക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന് സൗദി ഗവര്‍മെൻറ് സ്വീകരിച്ച നടപടികളെ പ്രത്യേകം ശ്ലാഘിക്കുകയും ഇതുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി കാബിനറ്റ് അറിയിക്കുകയും ചെയ്തു.
രാജ്യത്തിെൻറ വളര്‍ച്ചക്കും വികസനത്തിനും യുവാക്കള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അന്താരാഷ്ട്ര യുവജന ദിനമാഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. തീരുമാനാധികാരങ്ങളില് യുവാക്കളെ കൂടുതല്‍ പങ്കാളികളാക്കുന്നതിനുള്ള നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. യുവാക്കളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനാവശ്യമായ നടപടികളുമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സ്ക്രാപ് ഏരിയ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. സുരക്ഷ, മാനേജ്മെൻറ് വിഷയങ്ങള്‍ പരിഗണിച്ചായിരിക്കും പുതിയ സ്ഥലം പരിഗണിക്കുക. മാലിന്യങ്ങള്‍, വെറുതെ കൂട്ടിയിടുന്ന വസ്തുക്കള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്ന രൂപത്തിലാണ് പുതിയ ഏരിയ കണ്ടെത്തുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രിതല സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഗള്‍ഫ് കണക്ഷന് കമ്പനിയുടെ നിയമപരമായ അവസ്ഥ ശരിയാക്കുന്നതിനും ബഹ്റൈന്‍ ഗവൺമെൻറ് ഒൗദ്യോഗികമായി അതില്‍ പങ്കാളികളാകുന്നതിനും കാബിനറ്റ് അംഗീകാരം നല്കി. ഇതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഖലീഫ ബിന്‍ സല്മാന് തുറമുഖത്തിെൻറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കൂടുതല്‍ ശക്തമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനും ഓഹരികള്‍ മാര്‍ക്കറ്റില്‍ വിപണനം നടത്താനും തീരുമാനിച്ചു. ബഹ്റൈനും സൗദിക്കുമിടയില്‍ വ്യോമയാന രംഗത്ത് സഹകരിക്കുന്നതിന് കരാറിലേര്‍പ്പെടാന്‍ കാബിനറ്റ് അംഗീകാരം നല്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
