മനാമ: സതേണ്‍ ബഹ്റൈന്‍ റിങ് റോഡിലെ സൈക്കിള്‍ പാത പദ്ധതി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വിലയിരുത്തി. സൈക്കിള്‍ സഞ്ചാരത്തിന് മാത്രമായി 10 കിലോ മീറ്റര്‍ റോഡാണ് നിര്‍മിക്കുന്നത്. ഇതിെൻറ 40 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം പൊതുമരാമത്ത് കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്, യുവജന, കായിക കാര്യ മന്ത്രാലയത്തിലെ ലൈസന്‍സിങ് ആൻഡ് ഇൻസ്പെക്ഷന് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് സഖര്‍ ബിന്‍ സല്മാന് ആല് ഖലീഫ, പ്രോജക്ട് ഡയറക്ടറേറ്റ് മേധാവി ശൈഖ നൂറ ആല് ഖലീഫ, റോഡ്സ് മെയിൻറനന്‍സ് വിഭാഗം മേധാവി ബദര്‍ അല്‍ അലവി എന്നിവരും അനുഗമിച്ചിരുന്നു. സൈക്കിള്‍ സഞ്ചാരികള്‍ക്ക് മറ്റു വാഹനങ്ങളുടെ ശല്യമില്ലാതെ നിയമം പാലിച്ച് ഈ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നത് നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.