പുകവലിയുടെ കുറഞ്ഞ പ്രായപരിധി 20 ആയി ഉയർത്തണം; പുകവലി വിരുദ്ധ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിൽ നിർദേശം
text_fieldsമനാമ: രാജ്യത്ത് പുകവലിയുടെ കുറഞ്ഞ നിയമപരമായ പ്രായപരിധി 18ൽ നിന്ന് 20 ആയി ഉയർത്താനും ഇ-സിഗരറ്റുകൾ, വേപ്പിംഗ് ഉൽപ്പന്നങ്ങൾ എന്നിവ പൂർണമായി നിരോധിക്കാനും പാർലമെന്‍ിൽ നിർദേശം. ഇ-സിഗരറ്റുകളുടെ വിൽപ്പന, ഇറക്കുമതി, ഉപയോഗം, കൈവശം വെക്കൽ എന്നിവ തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടാണ് നിർദേശം സമർപ്പിച്ചിരിക്കുന്നത്. ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫാണ് 2009-ലെ പുകവലി വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്. വിഷയം പാർലമെന്റിന്റെ സർവീസ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുകവലിക്കാനുള്ള പ്രായപരിധി 20 ആയി ഉയർത്തുന്നത് വഴി കൗമാരക്കാരിലെ പുകവലി ഉപയോഗം പൂർണമായി തടയാനാകുമെന്നാണ് വിലയിരുത്തൽ. ബഹ്‌റൈനിൽ വോട്ടവകാശത്തിനുള്ള പ്രായപരിധിയും 20 ആണ്. 2027 ജനുവരി 1 മുതൽ പുകവലിക്കാനുള്ള കുറഞ്ഞ പ്രായം കുവൈത്ത് 21 ആയി ഉയർത്താനിരിക്കെയാണ് മേഖലയിൽ സമാനമായ നീക്കം ബഹ്‌റൈനിലും ശക്തമാകുന്നത്.
യുവതലമുറയ്ക്കിടയിൽ വേപ്പിംഗ് വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും മുൻകാല സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കാലഘട്ടത്തിനനുയോജ്യമായ കർശന നിയമ നിർമാണം ആവശ്യമാണെന്നും അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ബഹ്‌റൈൻ ആന്റി-സ്‌മോക്കിംഗ് സൊസൈറ്റി ചെയർമാനും നാഷണൽ ഹയർ ആന്റി-സ്‌മോക്കിംഗ് കമ്മിറ്റി അംഗവുമായ മുഹമ്മദ് സൈനലും നിർദേശങ്ങളെ സ്വാഗതം ചെയ്തു.
സിഗരറ്റിലും നികോട്ടിനിലും അടിമപ്പെടുന്നത് തടയാനും ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കാനും ശക്തമായ നിയമങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശം പ്രാബല്യത്തിൽ വന്നാൽ വേപ്പിംഗ് ഉൽപ്പന്നങ്ങൾ പൂർണമായി നിരോധിക്കുന്ന മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ മാറും. നിലവിൽ സിംഗപ്പൂർ, തായ്‌ലാന്റ്, ഹോങ്കോങ്, തായ്‌വാൻ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇ-സിഗരറ്റുകൾക്ക് കർശന നിരോധനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

