ബഹ്റൈനിൽ നേരിയ ഭൂചലനം; ഹമദ് ടൗൺ ഉൾപ്പെടെ പലയിടത്തും പ്രകമ്പനം
text_fieldsമനാമ: ബഹ്റൈനിൽ തിങ്കളാഴ്ച പുലർച്ച നേരിയ ഭൂചലനം രേഖപ്പെടുത്തി.
റിക്ടർ സ്കെയിലിൽ 3.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) ഔദ്യോഗികമായി അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി പൗരന്മാർ ഭൂചലനം അനുഭവപ്പെട്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. നേരിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്നാണ് പൗരന്മാർ അറിയിച്ചത്. തിങ്കളാഴ്ച പുലർച്ച 2.58നാണ് ഭൂചലനമുണ്ടായത്.
തീവ്രത കുറവായതിനാൽ തന്നെ അപകടകരമായ സാഹചര്യമോ മറ്റോ ഉണ്ടായിട്ടില്ല. യു.എ.ഇയുടെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. തുടർന്ന് ബഹ്റൈനിലെ കാലാവസ്ഥാ ഡയറക്ടറേറ്റും ഭൂചലനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നോർത്തേൺ ഗവർണറേറ്റിലെ ചില പ്രദേശങ്ങളിലും പ്രത്യേകിച്ച് ഹമദ് ടൗൺ, സല്ലാഖ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രധാനപ്പെട്ട ഭൂകമ്പ സാധ്യത വർധിപ്പിക്കുന്ന സീസ്മിക് ഫോൾട്ട് ലൈനുകളിൽ നിന്ന് വളരെ അകലെയാണ് ബഹ്റൈൻ സ്ഥിതിചെയ്യുന്നത്. അതിനാൽ, രാജ്യത്തിനകത്ത് ഭൂചലനം ഉണ്ടാകുന്നത് അത്യപൂർവമാണ്.
ഇതിനുമുമ്പ് ബഹ്റൈനിൽ അനുഭവപ്പെട്ട ഭൂചലനങ്ങളിൽ മിക്കതും ദക്ഷിണ ഇറാനിലെ വിദൂര ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.
ഇന്നത്തെ സംഭവം, ചെറിയ തോതിലുള്ള ടെക്റ്റോണിക് ചലനമോ അല്ലെങ്കിൽ എണ്ണ, വാതക ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂലമോ സംഭവിച്ച ആഴം കുറഞ്ഞ, ഒറ്റപ്പെട്ട പ്രകമ്പനം ആകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

