മെഹന്തിയിൽ വിസ്മയം തീർത്ത് പ്രവാസിയുടെ മകൾ
text_fieldsമനാമ: ബഹ്റൈൻ പ്രവാസി മലയാളിയുടെ മകൾക്ക് അപൂർവ നേട്ടം. ഏഴ് മീറ്റർ നീളമുള്ള തുണിയിൽ ആറു മണിക്കൂർ 45 മിനിറ്റ് കൊണ്ട് അതിസങ്കീർണമായ ഇൻഡ്രികേറ്റ് മെഹന്തി ഡിസൈൻ പൂർത്തിയാക്കിയാണ് ഫാത്തിമ സന 'ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് 2026'ൽ ഇടംനേടിയത്. ബഹ്റൈനിലെ ഹമദ് ടൗണിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന പെരിന്തൽമണ്ണ വിളയൂർ സ്വദേശി കെ.പി. സമീർ ബാബുവിന്റെയും സറീനയുടെയും മകളാണ് സന. പ്രവാസ ലോകത്ത് കഴിയുന്ന പിതാവിന് അഭിമാന നിമിഷമാണ് ഈ റെക്കോഡ് നേട്ടം. പട്ടാമ്പി ലിറ്റ്മസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ സന പഠനത്തിനൊപ്പം തന്നെ കലാ-കായികരംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ജാവലിൻ ത്രോയിൽ ജില്ലതലത്തിലും സ്കൗട്ട് ആൻഡ് ഗൈഡ്സിൽ സംസ്ഥാനതലത്തിലും മെഡലുകൾ നേടിയിട്ടുണ്ട്.
നിരവധി ചിത്രരചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള സന, തന്റെ സർഗാത്മകതകൊണ്ടാണ് ഇപ്പോൾ ദേശീയ റെക്കോഡിൽ ഇടംപിടിച്ചത്. സനയുടെ ഈ വലിയ നേട്ടത്തെ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മെഹന്തി ഡിസൈനിങ്ങിൽ ഒരു ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കുക എന്നതാണ് സനയുടെ അടുത്ത സ്വപ്നം. മകളുടെ കലാസൃഷ്ടികൾ കോർത്തിണക്കി ഒരു പ്രദർശനം ഒരുക്കുക എന്നത് പിതാവ് സമീർ ബാബുവിന്റെ വലിയ ആഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

