ദാർ അൽ ശിഫയിൽ അപ്രതീക്ഷിത അതിഥിയായി മെന്റലിസ്റ്റ് ആദി
text_fieldsമെന്റലിസ്റ്റ് ആദിക്ക് ദാർ അൽ ശിഫ മെഡിക്കൽ സെന്ററിന്റെ ഉപഹാരം മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദ് അലി സമ്മാനിക്കുന്നു
മനാമ: ദാർ അൽ ശിഫ മെഡിക്കൽ സെന്റർ ജീവനക്കാർക്കുമുന്നിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ മെന്റലിസ്റ്റ് ആദി ഒരുക്കിയത് വിസ്മയം നിറഞ്ഞ ഒരു ആഘോഷദിനം. മികച്ച ജീവനക്കാരെ ആദരിക്കാനും ജന്മദിനം ആഘോഷിക്കാനും നടത്തുന്ന പ്രതിമാസ പരിപാടിയിലേക്ക് ആദി എത്തിയപ്പോൾ ജീവനക്കാർക്ക് അദ്ഭുതമായി. ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'റെയ്നി നൈറ്റ്' സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദാർ അൽ ശിഫ മെഡിക്കൽ സെന്റർ ജീവനക്കാരുടെ ആഘോഷത്തിൽ പങ്കുചേരാൻ ആദി സമയം കണ്ടെത്തിയത്.
ജീവനക്കാർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്ന ആദി മെന്റലിസത്തിന്റെ അദ്ഭുതവിദ്യയുമായി എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. മുന്നിലുള്ളയാൾ മനസ്സിൽ ആഗ്രഹിച്ച പാട്ട് ആദി പാടിയപ്പോൾ ഏവരും കൈയടിച്ചു.
ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദ് അലി, ജനറൽ മാനേജർ അഹമ്മദ് ഷമീർ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. ജന്മദിനം ആഘോഷിക്കുന്ന ജീവനക്കാർ ആദിയോടൊപ്പം കേക്ക് മുറിച്ചു. സിസ്റ്റർ ഡയാന മാത്യു മികച്ച ജീവനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു.

