അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റിയും ഭവന-നഗരാസൂത്രണ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
text_fieldsഎ.എസ്.യു, ബഹ്‌റൈൻ ഭവന-നഗരാസൂത്രണ മന്ത്രാലയം അധികൃതർ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
മനാമ: ഇൻസ്റ്റിറ്റ്യൂഷനുകൾ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നതിനും ഇന്നൊവേഷൻ, സുസ്ഥിര വികസനം എന്നിവ മുൻനിർത്തിയും അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റിയും (എ.എസ്.യു) ബഹ്‌റൈൻ ഭവന-നഗരാസൂത്രണ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സോഷ്യൽ ഹൗസിങ് ഇന്നൊവേഷൻ കോണ്‍ഫറൻസ് ആന്‍ഡ് എക്‌സിബിഷൻ 2026-ന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.
വിദ്യാഭ്യാസം, പരിശീലനം, ശാസ്ത്രീയ ഗവേഷണം, സാമൂഹിക സേവനം എന്നീ മേഖലകളിൽ അറിവുകളും വൈദഗ്ധ്യവും പങ്കുവെക്കുന്നതിനും പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുമാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.
അപ്ലൈഡ് സയൻസ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പ്രൊഫ. ഹാതിം മസ്രിയും, ഭവന-നഗരാസൂത്രണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് അണ്ടർസെക്രട്ടറി ഫാത്തിമ ഇബ്രാഹിം അൽ മന്നായിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
സർക്കാർ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സർവകലാശാലയുടെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും രാജ്യത്തിന്റെ ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് എ.എസ്.യു ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പ്രൊഫ. വഹീബ് അൽ ഖാജ പറഞ്ഞു. അക്കാദമിക്-ഗവേഷണ രംഗത്തെ പുരോഗതിയെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാക്കി മാറ്റാൻ ഇത്തരം സഹകരണങ്ങൾ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളുമായുള്ള സഹകരണം ശക്തമാക്കുന്നതിനും അക്കാദമിക് അറിവുകളെ സമൂഹത്തിന്റെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫ. ഹാതിം മസ്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ മേഖലയും തമ്മിലുള്ള ഏകോപനം ദേശീയ മുൻഗണനകളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും നിർണായക പങ്ക് വഹിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

