ശസ്ത്രക്രിയ പ്രസവത്തിൽ വർധനയെന്ന് മെഡിക്കൽ വിദഗ്ധർ
text_fieldsമനാമ: ബഹ്റൈനിൽ ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുന്ന അമ്മമാരുടെ എണ്ണം ഗണ്യമായി വർധിച്ചതായി മെറ്റേണിറ്റി മെഡിക്കൽ വിദഗ്ധർ. ആശുപത്രി അധികൃതരുടെ സ്വാർഥ താൽപര്യങ്ങളും ഗർഭിണികളുടെ ആവശ്യപ്പെടലുകളും ഇതിന് കാരണമാകുന്നുണ്ട്. പ്രസവസമയത്ത് പിഴവുകളുണ്ടായാൽ വന്നേക്കാവുന്ന നിയമനടപടികളിലെ ഭയം ഡോക്ടർമാരെ ശസ്ത്രക്രിയക്ക് നിർബന്ധിതരാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ കൂടുതൽ വരുമാനം നേടാൻ സാധ്യതയുള്ള ചികിത്സ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ശസ്ത്രക്രിയ ചെയ്യാൻ നിർദേശിക്കുന്നുണ്ട്. പഠനങ്ങൾ പ്രകാരം പൊതുമേഖലയേക്കാൾ സ്വകാര്യ മേഖലയിലാണ് ശസ്ത്രക്രിയ രീതികൾ കൂടുതലെന്നാണ് കണ്ടെത്തിയത്. എന്നാൽ, പ്രസവ വേദനയോടുള്ള ഭയം കാരണം രോഗികൾതന്നെ സിസേറിയനായി നിർദേശിക്കുന്ന സംഭവവും വിരളമല്ല.
കൂടാതെ പ്രായക്കൂടുതൽ സ്ത്രീകളിലെ പ്രസവം സങ്കീർണമാക്കുന്നുണ്ടെന്നും അതുമൂലം ശസ്ത്രക്രിയക്ക് നിർബന്ധിതരാകുന്നുവെന്നും കണ്ടെത്തലുകളുണ്ട്. പ്രായം കൂടിയ അമ്മമാരിൽ സ്വാഭാവിക പ്രസവം അപകടകരമാണെന്ന് തോന്നിയാൽ ഡോക്ടർമാർ ശസ്ത്രക്രിയ തിരഞ്ഞെടുക്കും. ജനങ്ങളുടെ ഘടനാപരമായ മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ സിസേറിയൻപോലുള്ള സങ്കീർണമായ പ്രസവങ്ങളുടെ ആവശ്യകതയും വർധിക്കാൻ സാധ്യതയുണ്ട്. ബഹ്റൈനിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും സിസേറിയൻ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ഗൾഫ് യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ഡോ. സൈനബ് അൽജുഫൈരി പറഞ്ഞു. ബഹ്റൈൻ ഇന്റർനാഷനൽ വിമൻസ് ഹെൽത്ത് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ സെക്ഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ചികിത്സയുടെ സ്വകാര്യവത്കരണം ശസ്ത്രക്രിയ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് ഡോ. അൽജുഫൈരിയും സ്ഥിരീകരിച്ചു. കൂടാതെ രോഗികൾ അവരുടെ ഇഷ്ടപ്രകാരം ശസ്ത്രക്രിയക്ക് നിർദേശിക്കാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ നടത്തിയ ഒരു പഠനപ്രകാരം 2008ൽ 22.4 ശതമാനമായിരുന്നു രാജ്യത്ത് ശസ്ത്രക്രിയയിലൂടെയുള്ള പ്രസവത്തിന്റെ നിരക്ക്. എന്നാൽ, 2018 ലെത്തിയപ്പോൾ 32.8 ശതമാനത്തിലേക്കുയർന്നു. 26 നും 30 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ ശസ്ത്രക്രിയ ഏറ്റവും കൂടുതൽ നടന്നിട്ടുള്ളതെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. ഗർഭിണികളായ സ്ത്രീകളുമായി ചർച്ചചെയ്യുകയും അവരുടെ ആശങ്കകൾ മനസ്സിലാക്കുകയും രണ്ടാമതൊരു നിർദേശം നൽകുകയും ചെയ്യാൻ മെഡിക്കൽ പ്രഫഷണലുകൾ പ്രവർത്തിക്കണമെന്നാണ് പഠനം ശിപാർശ ചെയ്തത്. സ്വാഭാവിക പ്രസവത്തിന്റെ രോഗമുക്തി രണ്ടാഴ്ച മുതൽ ആറാഴ്ചവരെ സമയമെടുക്കുമ്പോൾ സിസേറിയന് പൂർണമായി സുഖം പ്രാപിക്കാൻ ആറാഴ്ച മുതൽ എട്ടാഴ്ചവരെ എടുത്തേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

