വാഹനം നന്നാക്കാനെടുത്ത് ഉടമസ്ഥാവകാശം മാറ്റിയ മെക്കാനിക്കിന് മൂന്നുവർഷം തടവുശിക്ഷ
text_fieldsമനാമ: ഉപഭോക്താവിന്റെ കാർ നന്നാക്കാനായി കൈപ്പറ്റിയ ശേഷം വഞ്ചനയിലൂടെ ഉടമസ്ഥാവകാശം തട്ടിയെടുത്ത കേസിൽ, മെക്കാനിക്കിന് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ബുദയ്യ സ്വദേശിയായ 32കാരനായ പ്രതി, ഉടമസ്ഥന്റെ അറിവില്ലാതെയാണ് ഹ്യുണ്ടായ് ആക്സന്റ് കാറിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റിയത്.
ലൈസൻസ് പ്ലേറ്റ് നമ്പറും ഇതോടൊപ്പം മാറ്റിയിരുന്നു. വഞ്ചന, ഉടമസ്ഥന്റെ ഒപ്പ് വ്യാജമായി നിർമിക്കൽ, കാർ വിൽപന കരാർ കെട്ടിച്ചമക്കൽ, വ്യാജമായി നിർമിച്ച ഔദ്യോഗിക രേഖകൾ മനഃപൂർവം ഉപയോഗിക്കൽ തുടങ്ങി പ്രതിക്കെതിരെ കോടതി ഏഴ് കുറ്റങ്ങളാണ് ചുമത്തിയത്.
സംഭവം നടന്നത് ഇങ്ങനെ; വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കേടായ 2015 മോഡൽ ഹ്യുണ്ടായ് ആക്സന്റ് കാർ കാണാനിടയായ പ്രതി കാർ നന്നാക്കുന്നതിൽ താൻ വിദഗ്ധനാണെന്ന് അവകാശപ്പെട്ടാണ് കാർ നന്നാക്കാൻ എടുത്തത്. കാർ കൈപ്പറ്റി ദിവസങ്ങൾക്കുശേഷം, എൻജിൻ മാറ്റിസ്ഥാപിക്കണം എന്നും അതിനായി പുതിയ എൻജിൻ വാങ്ങാമെന്നും പ്രതി ഇരയെ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കും സ്പെയർ പാർട്സിനുമായി ഇയാൾ പലതവണ പണവും വാങ്ങി.
ഒടുവിൽ, പുതിയ എൻജിൻ കാറിന് അനുയോജ്യമല്ലെന്നുപറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയും തുടർന്ന് രണ്ടുമാസത്തോളം രാജ്യം വിട്ടുപോവുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തന്റെ കാറിന്റെ ഉടമസ്ഥാവകാശം നിയമപരമായി പ്രതിയുടെ പേരിലേക്ക് മാറ്റി എന്ന് ഇര അറിഞ്ഞത്. ബഹ്റൈൻ പ്രതിരോധ സേനാംഗമായ 30കാരനാണ് ഈ തട്ടിപ്പിന് ഇരയായത്. നിയമനടപടികൾ പൂർത്തിയാക്കി ഹൈ ക്രിമിനൽ കോടതി ഇപ്പോൾ പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

