എല്ലാവരുടെ മനസ്സിലും സമാധാനത്തിന്റെ കണിക്കൊന്നകൾ വിരിയട്ടെ
text_fieldsമനോജ് മയ്യന്നൂർ
മലയാളമാസം മേടം ഒന്നിന് (ഏപ്രിൽ 14 അല്ലെങ്കിൽ 15) ആഘോഷിക്കുന്ന കേരളത്തിലെ പ്രധാന കാർഷികോത്സവമാണ് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഈ ദിവസം രാവും പകലും തുല്യമായ സമയമായി കണക്കാക്കപ്പെടുന്നു. മലയാളിക്ക് പുതുവർഷപ്പുലരിയാണ് വിഷു. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമായും വിഷുവിനെ കണക്കാക്കപ്പെടുന്നുണ്ട്. മറ്റൊരു ഐതിഹ്യം ശ്രീകൃഷ്ണനെ കളിക്കൂട്ടുകാരനായി കാണാൻ ആഗ്രഹിച്ച ഒരു ഉണ്ണിയുണ്ടായിരുന്നു. ആ ഭക്തിയിൽ പ്രസന്നനായ ഭഗവാൻ കുട്ടിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും സ്നേഹപൂർവ്വം തന്റെ സ്വർണ്ണ അരഞ്ഞാണം സമ്മാനമായി നൽകുകയും ചെയ്തു.
ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം.
വിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്ന വിഷുക്കാലത്ത് കാർഷിക വൃത്തികളുടെ തുടക്കവും കുറിക്കുന്നു. തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി.
ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവർക്ക് ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന് പറയാം. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു.
വിഷുഫലം എന്നാണ് ഇതിനു പറയുക. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. ശബരിമല ധർമ്മ ശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളോട് കൂടി ദർശനം നടക്കാറുണ്ട്. വിഷു ആയാലും ഓണമായാലും പെരുന്നാളായാലും ക്രിസ്തുമസ്സായാലും കേരളത്തിലേക്കാളും ആഘോഷം ഗൾഫ് നാടുകളിലാണ് സാധാരണ ആഘോഷിക്കാറ്. ഇപ്പോഴത്തെ യുദ്ധത്സാഹചര്യത്തിന്റെ ഭീതിയൊക്കെ മാറി എല്ലാവരുടെ മനസ്സിലും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വാടാത്ത കണിക്കൊന്നകൾ വിരിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

