സുസ്ഥിര ഊര്‍ജ പദ്ധതി പള്ളികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും
text_fieldsമനാമ: സുസ്ഥിര-പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ വ്യാപകമാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്തിന്‍െറ തെക്കന്‍ മേഖലകളിലെ പള്ളികളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കും. ഇതിന്‍െറ ഭാഗമായി പള്ളികളിലും മഅ്തമുകളിലും ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളിലും ചില സുന്നി ആന്‍റ് ജഅ്ഫരി എന്‍ഡോവ്മെന്‍റുകളിലും പാനലുകള്‍ സ്ഥാപിക്കും. ആദ്യമായി പാനല്‍ സ്ഥാപിക്കുന്നത് ബുഹൈറിലെ ജൗഹാര പള്ളിയിലാണ്. ഇത് നടപ്പാക്കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. പദ്ധതി ഭാവിയില്‍ രാജ്യത്തുടനീളം നടപ്പാക്കും. ഇതിന് വൈദ്യുതി-ജല മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സയും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്‍റ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയും അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാനായി ചുരുക്കപ്പട്ടിക അവതരിപ്പിച്ചതായി കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പ്രാദേശിക പത്രത്തോട് പറഞ്ഞു. പുതിയ പദ്ധതി വഴി വൈദ്യുതി ബില്‍ ലാഭിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു പദ്ധതി ഏതാനും വര്‍ഷം മുമ്പ് ഒരു ശിയ പള്ളിയില്‍ പരീക്ഷിച്ചിരുന്നു. പക്ഷേ, അതിന് തുടര്‍ച്ചയുണ്ടായില്ല. ആ സാങ്കേതിക വിദ്യ വളരെ ചെലവുള്ളതായിരുന്നു. പുതിയ സൗരോര്‍ജ പാനലുകളും അനുബന്ധ ഉപകരണങ്ങളും അധികം ചെലവുള്ളതല്ളെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ തെരുവുവിളക്കുകളും വൈദ്യുതോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയാക്കാന്‍ പദ്ധതിയുള്ളതായി വൈദ്യുതി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിലവിലുള്ള ബള്‍ബുകള്‍ക്ക് പകരം, സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്.
2020ഓടെ, രാജ്യത്തെ 20ശതമാനം വൈദ്യുതിയും സൗരോര്‍ജം വഴി ഉല്‍പാദിപ്പിക്കാമെന്നത് യാഥാര്‍ഥ്യബോധമുള്ള പദ്ധതിയാണെന്ന് ‘വേള്‍ഡ് റിന്യൂവബിള്‍ എനര്‍ജി നെറ്റ്വര്‍ക്’ ഡയറക്ടര്‍ ജനറല്‍ അലി സായിഹ് പറഞ്ഞിരുന്നു. ബഹ്റൈന്‍ യൂനിവേഴ്സിറ്റി നടത്തിയ ലോക പുനരുപയോഗ ഊര്‍ജ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
