ബഹ്‌റൈനിൽ വിപണി പരിശോധന ശക്തം: അന്യായമായി വില കൂട്ടിയ കട അടച്ചുപൂട്ടി
text_fieldsമനാമ: രാജ്യത്ത് ചില നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് വ്യവസായ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ വിഭാഗം വിവിധ വാണിജ്യ സ്ഥാപനങ്ങളിലും വിൽപന കേന്ദ്രങ്ങളിലും നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
മനാമ, ഹിദ്ദ്, ദിയാർ അൽ മുഹറഖ്, ഈസ്റ്റ് റിഫ, ഇസ ടൗൺ എന്നിവിടങ്ങളിലായി ആകെ 102 വ്യാപാര സ്ഥാപനങ്ങളിലാണ് മന്ത്രാലയം മിന്നൽ പരിശോധന നടത്തിയത്. സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, അനാവശ്യമായ വില വർധനവ് തടയുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്താനുമാണ് ഈ നീക്കം.
പരിശോധനയിൽ ന്യായമായ കാരണങ്ങളില്ലാതെ ടോർച്ചുകൾക്ക് വില വർധിപ്പിച്ചതായി കണ്ടെത്തിയ ഒരു സ്ഥാപനം അധികൃതർ അഡ്മിനിസ്ട്രേറ്റീവ് നടപടിയുടെ ഭാഗമായി അടപ്പിച്ചു. നിയമലംഘനം നടത്തിയ ഈ സ്ഥാപനത്തിനെതിരെ ആവശ്യമായ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വിപണിയിൽ ഏതെങ്കിലും തരത്തിലുള്ള അന്യായമായ വില വർധനവോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹോട്ട്‌ലൈൻ നമ്പർ: 80001700, ഇമെയിൽ: inspect@moic.gov.bh. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

