ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ'ക്ക് തുടക്കം; 11 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലധികം മാമ്പഴ ഇനങ്ങൾ
text_fieldsലുലു ഹൈപ്പർമാർക്കറ്റിന്റെ 'മാംഗോ മാനിയ' ഫെസ്റ്റിവൽ ഉദ്ഘാടനം വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെയും ലുലു ബഹ്റൈൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിക്കുന്നു
മനാമ : ലോകമെമ്പാടുമുള്ള മാമ്പഴപ്രേമികൾ കാത്തിരുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ 'മാംഗോ മാനിയ' ഫെസ്റ്റിവലിന് ബഹ്‌റൈനിൽ തുടക്കമായി. 11 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലധികം വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങളാണ് ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ ഈ വലിയ മേളയിൽ അണിനിരത്തിയിരിക്കുന്നത്. അവന്യൂസ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രമുഖ രാജ്യങ്ങളിലെ അംബാസഡർമാരുടെ സാന്നിധ്യത്തിൽ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യ, ഫിലിപ്പീൻസ്, തായ്ലൻഡ്, ശ്രീലങ്ക, ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ അംബാസഡർമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള 45 തനത് മാമ്പഴ ഇനങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. ഇന്ത്യക്ക് പുറമെ ഉഗാണ്ട, യമൻ, സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, കൊളംബിയ, ബ്രസീൽ, ഇന്തോനേഷ്യ, ശ്രീലങ്ക, കെനിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടമായ മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്.
ലുലുവിന്റെ തന്ത്രപ്രധാന ലോജിസ്റ്റിക്സ് പങ്കാളിയായ ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനി 'ഗൾഫ് എയർ' പ്രതിനിധികളും അംബാസഡർമാർക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പുതിയ ഉൽപ്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും ബഹ്‌റൈനിൽ എത്തിക്കുന്നതിൽ ലുലുവും ഗൾഫ് എയറും തമ്മിലുള്ള സഹകരണം വലിയ പങ്കാണ് വഹിക്കുന്നത്. ഗൾഫ് എയറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം സമൂഹത്തോടുള്ള പ്രതിബദ്ധതയും ബഹ്‌റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പിന്തുണയുമാണ് പ്രതിഫലിപ്പിക്കുന്നത്. ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ട സമീപകാല പ്രതിസന്ധി ഘട്ടങ്ങളിൽ പോലും, ലുലുവും ഗൾഫ് എയറും ചേർന്ന് 3,000 ടണ്ണിലധികം പുതിയ ഉൽപ്പന്നങ്ങളും അവശ്യസാധനങ്ങളുമാണ് രാജ്യത്ത് എത്തിച്ചത്.
ആ ശക്തമായ ശൃംഖല തന്നെയാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും പുതിയ മാമ്പഴ വിളവെടുപ്പ് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു. മാമ്പഴങ്ങൾക്ക് പുറമെ, മാമ്പഴം കൊണ്ട് തയ്യാറാക്കിയ വൈവിധ്യമാർന്ന രുചിക്കൂട്ടുകളും മേളയുടെ ഭാഗമായി ലുലു ബേക്കറി, ഹോട്ട് ഫുഡ്സ് വിഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മാംഗോ കേക്കുകൾ, ഡെസേർട്ടുകൾ, സലാഡുകൾ, അച്ചാറുകൾ, ചട്ണികൾ, പ്രത്യേക പാനീയങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നു. ബഹ്‌റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും ജൂൺ 1 വരെ മേള നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

