Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ പ്രവാസികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്; 15,000 ദീനാർ വരെയുള്ള ചികിത്സാ പരിരക്ഷ

text_fields
bookmark_border
മരണാനന്തര നടപടികൾക്കും പ്രവസവ ചികിത്സക്കും പരിരക്ഷ
news
cancel

മനാമ: ബഹ്‌റൈനിൽ പ്രവാസികൾക്കായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഒരാൾക്ക് പ്രതിവർഷം പരമാവധി 15,000 ബഹ്‌റൈൻ ദീനാർ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുമെങ്കിലും, ആശുപത്രികളുടെ നിലവാരം അനുസരിച്ച് ചികിത്സാ ചെലവിന്റെ 60 ശതമാനം വരെ രോഗികൾ തന്നെ കൈയിൽ നിന്ന് വഹിക്കേണ്ടി വരും.

സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് ബോർഡ് തലവനുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള ആൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ ഉത്തരവ് നമ്പർ 66 പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. വാർഷിക ഇൻഷുറൻസ് തുക മുൻകൂറായി അടച്ചുതീർക്കാതെ പ്രവാസികൾക്ക് ഇനി മുതൽ റസിഡൻസ്, വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കി നൽകുകയോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആർക്കെല്ലാം ഇൻഷുറൻസ് ബാധകം?

ഈ നിയമം പ്രവാസി ജീവനക്കാർ, അവരുടെ പങ്കാളി, 24 വയസ്സിന് താഴെയുള്ള മക്കൾ, സ്വയം തൊഴിൽ ചെയ്യുന്ന വിദേശികൾ, വ്യക്തിഗത തൊഴിലുടമകളായ വിദേശികൾ എന്നിവർക്കും അവരുടെ ആശ്രിതർക്കും ബാധകമാണ്. എന്നാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഇതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

ചികിത്സാ കവറേജ് ലഭിക്കുന്ന വിഭാഗം, കവറേജ് പരിധി

ജീവന് ഭീഷണിയായ ഹൃദ്രോഗങ്ങൾ, അപകടങ്ങൾ, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ 15,000 ദീനാർ വരെയുള്ള ചികിത്സയ്ക്ക് രോഗി തുകയൊന്നും നൽകേണ്ടതില്ല. ക്യാൻസർ ചികിത്സയ്ക്ക് വാർഷിക പരിധിയായ 15,000 ദീനാർ വരെ ഇൻഷുറൻസ് ലഭിക്കുമ്പോൾ കിഡ്നി ഡയാലിസിസിന് പ്രതിവർഷം 500 ദീനാർ മാത്രമാണ് പരമാവധി ആനുകൂല്യം ലഭിക്കുക. ഇൻഷുറൻസ് എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും വിട്ടുമാറാത്ത രോഗങ്ങൾക്കും കൂടി പ്രതിവർഷം ആകെ 2,000 ദീനാറാണ് അലവൻസ് നിശ്ചയിച്ചിരിക്കുന്നത്.

ജനറൽ പ്രാക്ടീഷണറെ കാണാൻ 5 ദീനാർ

മരുന്നുകൾക്ക് പ്രതിവർഷം 500 ദീനാറാണ് പരമാവധി പരിധി. ജനറിക് മരുന്നുകൾക്ക് ഇൻഷുറൻസ് 80 ശതമാനം തുക വഹിക്കുമ്പോൾ രോഗി 20 ശതമാനം നൽകണം. എന്നാൽ ബ്രാൻഡഡ് മരുന്നുകൾക്ക് ഇൻഷുറൻസ് കവറേജ് 60 ശതമാനം മാത്രമാണ്. ജനറൽ പ്രാക്ടീഷണറെ കാണാൻ 5 ദീനാർ ഫിക്സഡ് ചാർജ് നൽകണം. 7 ദിവസത്തിനുള്ളിൽ അതേ രോഗത്തിന് വീണ്ടും ഡോക്ടറെ കണ്ടാൽ ഫീസ് അടക്കേണ്ടതില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാൻ ജി.പി ഡോക്ടറുടെ റഫറൻസ് ആവശ്യമാണ്.

ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം ആശുപത്രികൾ

അടിയന്തര ഇതര ചികിത്സകൾക്കും ലാബ് പരിശോധനകൾക്കും ബ്രോൺസ് ആശുപത്രികളിൽ രോഗി 20 ശതമാനം തുക നൽകണം. സിൽവർ ആശുപത്രികളിൽ രോഗി 30 ശതമാനവും ഗോൾഡ് ആശുപത്രികളിൽ 45 ശതമാനവും പ്ലാറ്റിനം ആശുപത്രികളിൽ 60 ശതമാനം തുകയും സ്വയം വഹിക്കണം. സിൽവർ, ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങളിൽ രോഗി നൽകേണ്ട തുകയ്ക്ക് ഉയർന്ന പരിധി ലഭിക്കില്ല.

പ്രസവവും നവജാതശിശു പരിരക്ഷയും

18 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ഗർഭധാരണ-പ്രസവ ആനുകൂല്യങ്ങൾ ലഭ്യമാണ്. സാധാരണ പ്രസവത്തിന് 500 ദീനാർ വരെയും സിസേറിയന് 800 ദീനാർ വരെയും കവറേജ് ലഭിക്കും. ഗർഭകാലത്ത് 8 അപ്പോയിന്റ്മെന്റുകളും 3 അൾട്രാസൗണ്ട് സ്കാനിംഗുകളും ലഭിക്കുന്നതാണ്. നവജാതശിശുക്കൾക്ക് ആദ്യ 30 ദിവസം പൂർണ്ണ പരിരക്ഷയും സൗജന്യ വാക്സിനേഷനും ലഭിക്കും. 7 വയസ്സുവരെയുള്ള കുട്ടികൾക്ക് മന്ത്രാലയത്തിന്റെ വാക്സിനേഷൻ കവറേജുമുണ്ട്.

ഡെന്റൽ കെയറും ഫിസിയോതെറാപ്പിയും

അടിയന്തര ഡെന്റൽ ചികിത്സയ്ക്ക് പൂർണ്ണമായും തുക അനുവദിക്കും. കൂടാതെ സ്വാഭാവിക പല്ലുകൾക്ക് അശ്രദ്ധമൂലം ഉണ്ടാകുന്ന കേടുപാടുകളും ഇതിൽ കവർ ചെയ്യപ്പെടും. ഔട്ട്പേഷ്യന്റ് ഫിസിയോതെറാപ്പിക്ക് മുൻകൂർ അനുമതിയോടെ ആറ് സെഷനുകൾ വരെ പരിരക്ഷ ലഭിക്കും. തുടർന്ന് അനുമതിയോടെ വീണ്ടും ആറ് സെഷനുകൾ കൂടി അനുവദിക്കാവുന്നതാണ്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം

ഇൻഷുറൻസ് എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കിൽ, അവരുടെ ഭൗതികശരീരം മാതൃരാജ്യത്തേക്ക് തിരികെ അയക്കുന്നതിനായി 1,000 ബഹ്‌റൈൻ ദീനാർ വരെ പുതിയ ചട്ടങ്ങൾ പ്രകാരം നൽകുന്നുണ്ട്.

ഇൻഷുറൻസിൽ കവറേജ് ലഭിക്കാത്ത കാര്യങ്ങൾ

പതിവ് ശാരീരിക പരിശോധനകൾ, കോസ്മെറ്റിക് ചികിത്സകൾ, കണ്ണടകൾ/ലെൻസുകൾ, വിസ അപേക്ഷകൾക്കുള്ള മെഡിക്കൽ പരിശോധനകൾ, മാനസികാരോഗ്യ ചികിത്സകൾ (അടിയന്തര സാഹചര്യങ്ങളൊഴികെ), ഗർഭനിരോധന-അഡിക്ഷൻ മാറ്റ ചികിത്സകൾ, വെയ്റ്റ് ലോസ് പ്രോഗ്രാമുകൾ, ജോലിസ്ഥലത്തെ അപകടങ്ങൾ, അപകടകരമായ സ്പോർട്സ് പരിക്കുകൾ, ബഹ്‌റൈന് പുറത്തുള്ള ചികിത്സകൾ എന്നിവയ്ക്ക് ഈ ഇൻഷുറൻസ് കവറേജ് ലഭിക്കില്ല.

പെർമിറ്റുകളും വിസ പുതുക്കലും

തൊഴിൽ വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് നൽകുന്ന സമയത്തോ പുതുക്കുമ്പോഴോ എൽ.എം.ആർ.എ വഴിയാണ് ഇൻഷുറൻസ് തുക സ്വീകരിക്കുന്നത്. സ്വകാര്യ ഇൻഷുറൻസ് ഉള്ളവർക്കും ഈ നിർബന്ധിത പദ്ധതിയിൽ നിന്നുള്ള ഇളവ് ലഭിക്കില്ല. നിയമം നിലവിൽ വന്ന ഒക്ടോബർ 31-ന് മുൻപ് വിസ ലഭിച്ചവർ അടുത്ത പെർമിറ്റ് പുതുക്കൽ വേളയിൽ ഇൻഷുറൻസ് അടച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mandatory health insurance for Bahrain expats; medical coverage up to 15,000 Dinars
Next Story