പൈതൃകം ചോരാതെ മനാമ സൂഖ് പുതുമോടിയിലേക്ക്
text_fieldsമനാമ: ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ മനാമ സൂഖിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനായി വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സൂഖിന്റെ തനിമയും വാസ്തുവിദ്യാ പൈതൃകവും നിലനിർത്തിക്കൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹമദ് രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരം, രാജ്യത്തെ നഗരങ്ങളുടെ ചരിത്രപരമായ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മനാമ സൂഖിന്റെ പുനരുദ്ധാരണം നടക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശാനുസരണം വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. വികസന പദ്ധതിയുടെ ഭാഗമായി മനാമ സൂഖിന്റെ സവിശേഷമായ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ട് കെട്ടിടങ്ങൾ നവീകരിക്കും. റോഡുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ആധുനികവത്കരിക്കും. സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും ടൂറിസ്റ്റ് ആകർഷണങ്ങളും ഒരുക്കും. പതിറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ സൂഖിന്റെ ആത്മാവ് നഷ്ടപ്പെടാതെ ആധുനിക പ്ലാനിങ് നടപ്പിലാക്കും.
മനാമ സൂഖിന്റെ ചരിത്രപരമായ ഐഡന്റിറ്റി സംരക്ഷിക്കുന്നത് കേവലം ഒരു ദേശീയ ദൗത്യം മാത്രമല്ല, ബഹ്റൈന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രധാന തൂൺ കൂടിയാണെന്ന് മന്ത്രി ഗാനിം അൽ ബുഐനൈൻ പറഞ്ഞു. മനാമ സൂഖ് നവീകരണത്തിന്റെ പൂർണരൂപം ഉടൻതന്നെ അധികൃതർ പുറത്തുവിടും. പാരമ്പര്യവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രചോദന കേന്ദ്രമായി മനാമ സൂഖിനെ മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ സിത്രയിലെ സെൻട്രൽ മാർക്കറ്റ് കൂടുതൽ കടകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിക്കാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

