മനാമ സൂഖ് നവീകരണം; ഒന്നാം ഘട്ടത്തിന് 6.8 ലക്ഷം ദിനാർ
text_fieldsമനാമ സൂഖ്
മനാമ: ബഹ്റൈന്റെ ചരിത്രപ്രധാനമായ നഗരകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ മനാമ സൂഖിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. അൽ മുസഖ്ഖഫ് മുതൽ ബാബ് അൽ ബഹ്റൈൻ വരെയുള്ള ഭാഗങ്ങളാണ് വിപുലമായ രീതിയിൽ പരിഷ്കരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഏകദേശം 6,80,000 ബഹ്റൈനി ദിനാർ അനുവദിച്ചതായി ടൂറിസം മന്ത്രി ഫാത്വിമ അൽ സൈറാഫി അറിയിച്ചു. പാർലമെന്റിലെ സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹ്മദ് അൽ സലൂമിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിപണിയുടെ വാസ്തുവിദ്യാ തനിമയും സാംസ്കാരിക സ്വത്വവും സംരക്ഷിച്ചുകൊണ്ടുള്ള സമഗ്രമായ ദേശീയ പുനരധിവാസ പദ്ധതിയുടെ ഭാഗമാണിതെന്ന് അവർ പറഞ്ഞു.
ടൂറിസം മന്ത്രി ഫാത്വിമ അൽ സൈറാഫി
അൽ മുസഖ്ഖഫിലെ പ്രധാന കവാടത്തിന്റെ പുനർവികസനം, കാനൂ മ്യൂസിയത്തിലേക്കുള്ള കാൽനട പാതയുടെ നവീകരണം, ബാബ് അൽ ബഹ്റൈൻ കൊമേഴ്സ്യൽ കോംപ്ലക്സിന്റെ നവീകരണം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ. 2026 നാലാം പാദത്തോടെ ഈ രണ്ട് പ്രധാന കേന്ദ്രങ്ങളിലെയും ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകർക്ക് ചരിത്രപരമായ അനുഭവം നൽകുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് സൂഖ് നവീകരിക്കുമെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് അൽ സയാനി പ്രഖ്യാപിച്ചിരുന്നു.
ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ, ബി.ടി.ഇ.എ സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫ എന്നിവർക്കൊപ്പം സൂഖിൽ നടത്തിയ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.
മനാമ സൂഖിന്റെ നവീകരണ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശാനുസരണമാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന പ്രതിസന്ധികൾ നീക്കി പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പൈതൃക നഗരത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുള്ള ഈ നവീകരണം രാജ്യത്തെ വ്യാപാര മേഖലയ്ക്കും സാമ്പത്തിക വളർച്ചക്കും വലിയ കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

