വികസനപാതയിൽ മനാമ: പദ്ധതി രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കും
text_fieldsമനാമ നഗരനവീകരണം ചിത്രകാരന്റെ ഭാവനയിൽ
മനാമ: രാജ്യത്തിന്റെ തലസ്ഥാന നഗരി വികസിക്കാനൊരുങ്ങുന്നു. പാർക്കുകളും കടൽത്തീരങ്ങളും തുടങ്ങി നഗരവീഥികളുടെ ഓരങ്ങളെയും മനാമ മാർക്കറ്റിനെയടക്കം വരുന്ന രണ്ടു വർഷത്തിനുള്ളിൽ പുതുമോടി പിടിപ്പിക്കാനൊരുങ്ങുകയാണ് ഗവർണറേറ്റ്. ദശലക്ഷക്കണക്കിന് ദീനാറിന്റെ പദ്ധതിയായ മനാമ നഗര നവീകരണം കഴിഞ്ഞ ദിവസം മനാമ ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റിയിൽ നടന്ന ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗത്തിൽ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് കൃഷി മന്ത്രാലയ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് അലിയാണ് പ്രഖ്യാപിച്ചത്.
അത്യാധുനിക സംവിധാനങ്ങളോടെ നവീകരണ പദ്ധതികൾ നടപ്പാകുന്നതോടെ മനാമ ഗവർണേറേറ്റ് പുതുമയോടെ തിളങ്ങും. മികച്ച സൗകര്യങ്ങളോടെ തലസ്ഥാന പ്രദേശത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത് സന്ദർശകർക്കും പ്രദേശവാസികൾക്കും ഒരുപോലെ ആസ്വാദ്യകരമാകുമെന്നും മുഹമ്മദ് അലി പറഞ്ഞു.
രാജ്യത്തിന്റെ 2030 ലേക്കുള്ള വികസന കാഴ്ചപ്പാടിന് അനുസൃതമായി നടപ്പാക്കുന്ന നഗര നവീകരണത്തിന്റെ ഭാഗമായാണ് മനാമയും വികസിപ്പിക്കാനൊരുങ്ങുന്നത്. വിശാലമായ നടപ്പാതകൾ, കായിക വിനോദങ്ങൾക്കായുള്ള സ്ഥലങ്ങൾ, വിശാലമായ പാർക്കുകൾ എന്നീ സൗകര്യങ്ങളാണ് കൂടുതലായും ഒരുക്കുന്നത്.
കിങ് ഫൈസൽ കോർണീഷ്, അദ്ലിയ ബ്ലോക്ക് 338 ഗ്രീനിങ് പ്രോജക്ട്, സിഞ്ചിലെ പ്രകൃതി സൗഹൃദ നടപ്പാത, സൽമാബാദിലെ ശൈഖ് ഈസ ബിൻ സൽമാൻ ഇന്റർസെക്ഷൻ സൗന്ദര്യ വത്കരണം, ബഹ്റൈൻ ബേ പാലം നവീകരണം, പഴയ മനാമ സൂഖ്, സിത്ര സെൻട്രൽ മാർക്കറ്റ്, ടുബ്ലി നടപ്പാത, സിത്ര ഹൗസിങ് ടൗൺ, ഓൾഡ് മനാമ തുടങ്ങിയ ഇടങ്ങളാണ് നവീകരിക്കുന്നത്.
പലതിന്റെയും പ്രവൃത്തികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റുചിലത് സാമ്പത്തിക അംഗീകാരങ്ങൾക്കായി കാത്തിരിക്കയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.