ആഗോള നഗരസൂചികയിൽ വൻ കുതിപ്പുമായി മനാമ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി
text_fieldsമനാമ: ആഗോള നഗരസൂചിക കണക്കാക്കുന്ന അമേരിക്കൻ ഗ്ലോബൽ മാനേജ്മെൻറ് കൺസൾട്ടൻറ് സ്ഥാപനമായ കീർണിയുടെ 2025ലെ ഗ്ലോബൽ സിറ്റീസ് റിപ്പോർട്ടിൽ (ജി.സി.ഐ) ബഹ്റൈൻ തലസ്ഥാനമായ മനാമ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 125ാം റാങ്കിലെത്തി. താമസയോഗ്യത, നവീകരണം, അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം എന്നിവയിലെ പുരോഗതിയാണ് മനാമയുടെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ. അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ സന്നദ്ധത, മാനവ മൂലധനം എന്നിവയിലെ നിക്ഷേപം വഴി ഗൾഫ് നഗരങ്ങൾ ലോകത്തിലെ ശ്രദ്ധേയമായ കേന്ദ്രങ്ങളായി സ്ഥാനം ഉറപ്പിക്കുകയാണെന്ന് കീർണിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റാങ്കിങ്ങിലെ ഗൾഫ് നഗരങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് ദുബൈയാണ്. തൊട്ടുപിന്നിൽ ദോഹയും റിയാദുമുണ്ട്. മനുഷ്യരെയും മൂലധനത്തെയും ആശയങ്ങളെയും ആകർഷിക്കാനും നിലനിർത്താനുമുള്ള ഒരു നഗരത്തിന്റെ ശേഷി അളക്കുന്ന ജി.സി.ഐ, ബിസിനസ് പ്രവർത്തനം, മാനവ മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ എന്നീ അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ വിലയിരുത്തുന്നത്.
നഗരങ്ങളുടെ ഇപ്പോഴത്തെ പ്രകടനം അളക്കുന്ന ജി.സി.ഐ കൂടാതെ, ഭാവിയിലെ സാധ്യതകൾ വിലയിരുത്തുന്ന ഗ്ലോബൽ സിറ്റീസ് ഔട്ട്ലുക്ക് (ജി.സി.ഒ) റാങ്കിങ്ങിലും മനാമ മികച്ച മുന്നേറ്റം കൈവരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മനാമ 74ാം റാങ്കിലെത്തി. വ്യക്തിഗത ക്ഷേമം, സാമ്പത്തിക ശാസ്ത്രം, നവീകരണം, ഭരണം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് ജി.സി.ഒ ഭാവി സാധ്യതകൾ അളക്കുന്നത്. റിപ്പോർട്ട് പ്രകാരം, പേറ്റന്റുകൾ, പ്രതിശീർഷ സ്വകാര്യ നിക്ഷേപം എന്നിവയിലെ വർധന ഉൾപ്പെടെയുള്ള നവീകരണ ശ്രമങ്ങളാണ് മനാമയുടെ ഈ കുതിപ്പിന് പ്രധാന കാരണം. പാരമ്പര്യ ഗുണങ്ങളോ വലിപ്പമോ അല്ല ഇന്നത്തെ നഗരങ്ങളുടെ മത്സരക്ഷമത നിർണയിക്കുന്നത്.
പ്രതിഭകളെ വളർത്താനും ഡിജിറ്റൽ സംവിധാനങ്ങളിൽ വിശ്വാസം സ്ഥാപിക്കാനും അസ്ഥിരതകളെ അതിജീവിക്കാൻ കഴിയുന്ന താമസയോഗ്യമായ ചുറ്റുപാടുകൾ രൂപകൽപന ചെയ്യാനും ഒരു നഗരത്തിന് എത്രത്തോളം കഴിയുന്നു എന്നതിലാണ് കാര്യമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

