മനാമ ഗവർണറേറ്റ് മുനിസിപ്പൽ കെട്ടിടങ്ങൾ ഇനി സൗരോർജത്തിൽ തിളങ്ങും
text_fieldsമനാമ: തലസ്ഥാന ഗവർണറേറ്റിലെ മുനിസിപ്പൽ കെട്ടിടങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള നിർദേശത്തിന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ഏകകണ്ഠമായി അംഗീകാരം നൽകി. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും വൈദ്യുതി ചെലവ് ലാഭിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ് സമർപ്പിച്ച ഈ നിർദേശം രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും ആഗോള പുനരുപയോഗ ഊർജനയങ്ങളുമായും ചേർന്നുനിൽക്കുന്നതാണ്.ദീർഘകാലാടിസ്ഥാനത്തിൽ കൗൺസിലിന്റെ വാർഷിക വൈദ്യുതി ബില്ലുകളിൽ വലിയ കുറവുണ്ടാക്കാൻ ഇതിലൂടെ സാധിക്കും. വൈദ്യുതി ബില്ലിലൂടെ ലാഭിക്കുന്ന തുക ഗവർണറേറ്റിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കും പൊതുജന സേവനങ്ങൾക്കുമായി വിനിയോഗിക്കും.
പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അനുമതി നൽകിയതെന്ന് ഫിനാൻഷൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അധ്യക്ഷ ഹുദ സുൽത്താൻ പറഞ്ഞു. ആദ്യഘട്ടത്തിൽ അനുയോജ്യമായ കെട്ടിടങ്ങൾ തിരഞ്ഞെടുക്കുകയും തുടർന്ന് ഘട്ടംഘട്ടമായി പാനലുകൾ സ്ഥാപിക്കുകയും ചെയ്യും.
ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് അംഗീകരിച്ച ഈ നിർദേശം അന്തിമ അവലോകനത്തിനായി മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന് കൈമാറി. മുനിസിപ്പൽ സ്ഥാപനങ്ങൾക്കിടയിൽ പുനരുപയോഗ ഊർജ സംസ്കാരം വളർത്തുന്നതിനും സ്മാർട്ട് സിറ്റി ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ബോർഡ് ചെയർമാൻ സ്വാലിഹ് തറാദ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

