മനാമ ഡയലോഗ് 2026: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്കൊപ്പം നിൽക്കുമെന്ന് ബ്രിട്ടൻ വിദേശകാര്യ സഹമന്ത്രി
text_fieldsബ്രിട്ടൻ വിദേശകാര്യ സഹമന്ത്രി സ്റ്റീഫൻ ഡൗട്ടി മനാമ ഡയലോഗിൽ സംസാരിക്കുന്നു
മനാമ: ഗൾഫ് പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷക്ക് വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തിയിലൂടെയും ഒപ്പം നിൽക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കെതിരെ ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് യുകെ വ്യോമ പ്രതിരോധ സഹായം നൽകിയതായി വിദേശകാര്യ സഹമന്ത്രി സ്റ്റീഫൻ ഡൗട്ടി ഡയലോഗിൽ സംസാരിക്കവേ അറിയിച്ചു.
ഇറാനിയൻ ആക്രമണങ്ങൾക്കിടെ ഖത്തർ, ബഹ്‌റൈൻ, ജോർഡൻ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ യുകെ റോയൽ എയർഫോഴ്സ് ദൗത്യങ്ങൾ നടത്തിയിരുന്നു. മിസൈൽ, ഡ്രോൺ ഭീഷണികൾ ചെറുക്കുന്നതിനായി ബഹ്‌റൈനിലും കുവൈത്തിലും ബ്രിട്ടൻ വ്യോമരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഹൂതി ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ യുകെ വ്യോമരോധ ഉപകരണങ്ങളും സൈനിക ജീവനക്കാരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രിക്ക് ബ്രിട്ടൻ പൂർണ പിന്തുണ നൽകി.
രണ്ടു വർഷം മുമ്പ് സങ്കൽപ്പിച്ചതിലും അപ്പുറത്തേക്ക് യുദ്ധരംഗത്തെ ഭീഷണികൾ മാറിയിരിക്കുകയാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഡ്രോണുകൾ, മിസൈലുകൾ, സൈബർ ആക്രമണങ്ങൾ, സാബോട്ടാഷ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
ദാഇഷ്, അൽ-ഖ്വയ്ദ, അൽ-ഷബാബ് തുടങ്ങിയ ഭീകര സംഘടനകളും കുറ്റകൃത്യ ശൃംഖലകളും പുതിയ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുകയാണ്. ഇതിനുപുറമെ ഹൂതികൾ, ഇറാൻ, റഷ്യ തുടങ്ങിയവർ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയും വ്യാജ വാർത്തകൾക്കെതിരെയും സംയുക്തമായി പോരാടേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീൻ വിഷയത്തിൽ രണ്ട് രാജ്യങ്ങൾ എന്ന പരിഹാര നിർദ്ദേശത്തെ ബ്രിട്ടൻ പിന്തുണയ്ക്കുകയും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുകയും ചെയ്തതായി മന്ത്രി അനുസ്മരിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയും അനധികൃത നിർമ്മാണങ്ങളും അവസാനിക്കണമെന്നും യുഎസ് ഉൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് ഗസ്സയുടെ പുനർനിർമ്മാണത്തിന് യുകെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ പ്രതിരോധ നടപടികൾക്കൊപ്പം തന്നെ നയതന്ത്ര ചർച്ചകളും അന്താരാഷ്ട്ര നിയമങ്ങളും മുൻനിർത്തിയുള്ള സമാധാന ശ്രമങ്ങളിൽ ബ്രിട്ടൻ മുന്നിൽ നിൽക്കുമെന്ന് സ്റ്റീഫൻ ഡൗട്ടി ഉറപ്പുനൽകി.

