മനാമ ഡയലോഗ് 2025ന് തുടക്കം;ശൈഖ് നാസർ ഉദ്ഘാടനം ചെയ്തു
text_fieldsമനാമ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ശൈഖ് നാസർ
മനാമ: 21ാമത് റീജനൽ സെക്യൂരിറ്റി ഫോറം ‘മനാമ ഡയലോഗ് 2025’ന് ബഹ്റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രതിനിധിയായി മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മധ്യേഷ്യ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ, ഭിന്നതകൾക്ക് പകരം സംഭാഷണത്തിനും, ഏറ്റുമുട്ടലിന് പകരം സഹകരണത്തിനും എല്ലാ പങ്കാളികളും കൂട്ടായ പ്രതിബദ്ധത നൽകണമെന്ന് ശൈഖ് നാസർ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.ബഹ്റൈൻ രാജാവും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയുടെയും ആശംസകൾ ശൈഖ് നാസർ പങ്കെടുത്തവരെ അറിയിച്ചു. കിരീടാവകാശിക്കു വേണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ
അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ വർധിപ്പിക്കുന്ന കാഴ്ചപ്പാടുകളിലേക്കും സംരംഭങ്ങളിലേക്കും എത്താൻ ഡയലോഗിന് വിജയമാശംസിക്കുകയും ചെയ്തു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈൻ, മേഖലയിലും ലോകത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായി ശൈഖ് നാസിർ ഊന്നിപ്പറഞ്ഞു.
സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ശിലയാണ് സുരക്ഷയെന്നും, പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു ശ്രമിക്കുന്ന ഒരു പൊതു ലക്ഷ്യമാണ് സുരക്ഷ ഉറപ്പാക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിനിടെ പ്രാദേശിക സമാധാനവും സുരക്ഷയും ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രമുഖ അന്താരാഷ്ട്ര പ്ലാറ്റ്ഫോമായി ‘മനാമ ഡയലോഗ്’ ഉയർന്നുവന്നതായും ശൈഖ് നാസർ അഭിപ്രായപ്പെട്ടു.വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 31ന് തുടങ്ങിയ ഡയലോഗ് ഇന്ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

