യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമ; പ്രഖ്യാപന ചടങ്ങിൽ തിളങ്ങി ബഹ്റൈൻ
text_fieldsശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: 2026ലെ യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചു. മനാമ കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച പ്രഖ്യാപന ചടങ്ങിൽ രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മുഖ്യാതിഥിയായിരുന്നു. മനാമയെ തേടിയെത്തിയ ഈ അംഗീകാരം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ വിപ്ലവകരമായ കാഴ്ചപ്പാടിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലും അവർക്കായി തന്ത്രപ്രധാനമായ നിക്ഷേപം നടത്തുന്നതിലും ബഹ്റൈൻ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനെ ഒരു പ്രാദേശിക നവീന സംരംഭക കേന്ദ്രമാക്കി മാറ്റുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന പിന്തുണ നിർണായകമാണെന്ന് ശൈഖ് നാസർ ചൂണ്ടിക്കാട്ടി. പുതിയ സമ്പദ്വ്യവസ്ഥയെ നയിക്കുന്നതിൽ അറബ് യുവാക്കൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിന്റെ ഭാഗമായി പ്രാദേശിക, ഗൾഫ് കമ്പനികളും യുനിഡോയും ചേർന്ന് ഒരുക്കിയ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.
ചടങ്ങിൽ മനാമയെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് യുനിഡോ പ്രതിനിധി ഡോ. ഹാഷിം ഹുസൈനിൽ നിന്നും ശൈഖ് നാസർ ഏറ്റുവാങ്ങി. യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വ മേഖലയിൽ അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികൾക്ക് ഈ പ്രഖ്യാപനത്തോടെ തുടക്കമാകും. യുവജനകാര്യ മന്ത്രി റവാൻ ബിന്ത് നജീബ് തൗഫീഖി, കാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

