സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു; യുവാവിന് മൂന്നുവർഷം തടവ്
text_fieldsമനാമ: ജോലിസ്ഥലത്തെ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച ഇരുപതുകാരന് ഹൈക്രിമിനൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ആക്രമണത്തിൽ യുവതിയുടെ ശരീരത്തിന് അഞ്ചു ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഫേയിൽ ഓർഡർ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജോലിത്തിരക്കിനിടയിലുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ പ്രതി യുവതിയെ മർദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്.
പ്രശ്നങ്ങൾ അവസാനിച്ചു എന്ന് കരുതിയിരിക്കെയാണ് പ്രതി വീണ്ടും അക്രമം നടത്തിയത്. യുവതിയെ പേര് ചൊല്ലി വിളിച്ച ശേഷം, അവർ തിരിഞ്ഞുനോക്കിയ സമയം കഫേയിൽ ആവശ്യങ്ങൾക്കായി വെച്ചിരുന്ന തിളച്ച വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുപുറമെ, കഫേയ്ക്ക് പുറത്തുവെച്ച് ലോഹംകൊണ്ടുള്ള വാട്ടർ ഹീറ്റർ ഉപയോഗിച്ചും ഇയാൾ യുവതിയെ മർദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
യുവതിക്ക് നേരിട്ട ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്താണ് കോടതി കർശനമായ ശിക്ഷാനടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

