എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്; ജോർഡൻ പൗരന് തടവും പിഴയും ശിക്ഷ
text_fieldsപൈപ്പിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ നീക്കം ചെയ്യുന്നു
മനാമ: 1,30,000ത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ വിമാനമാർഗം കടത്തിയ കേസിൽ പ്രവാസിക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. ഏകദേശം 640,000 ബഹ്റൈൻ ദിനാർ (1.4 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഗുളികകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ജോർഡൻ പൗരനായ 29 കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രതിക്ക് 3000 ബഹ്റൈൻ ദിനാർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ അഭാവത്തിലാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പേരിലുള്ള ഒരു പാർസലിൽ ലോഹ, റബർ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 50 ബാഗുകളിലായി 22.15 കിലോഗ്രാം വരുന്ന മരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു.
കേസിൽ ഒരു വാദം മാത്രമാണ് നടന്നത്. പ്രതിയോ ഇയാളെ പ്രതിനിധീകരിച്ച് അഭിഭാഷകനോ ഹാജരാകാത്തതിനാലാണ് ഒറ്റ ഹിയറിങ്ങിൽ വിധി പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ റിഫയിൽ താമസിച്ചിരുന്ന പ്രതി ഗുളികകൾ അടങ്ങിയ പാർസൽ എത്തുന്നതിന് മുമ്പ് രാജ്യം വിട്ടിരുന്നു. 38 വയസ്സുകാരിയായ തന്റെ സഹോദരിയെയാണ് പാക്കേജ് കൈപ്പറ്റാൻ ഇയാൾ ചുമതലപ്പെടുത്തിയിരുന്നത്.
സഹോദരിയെ കേസിൽ ആദ്യം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നിരപരാധിയായി കണ്ട് വിട്ടയച്ചു. കേസിൽ ഇനി ഇവർ സംശയത്തിന്റെ നിഴലിലില്ലെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകിയ വിവരത്തെ തുടർന്ന് ആന്റി നാർകോട്ടിക് ഡയറക്ടറേറ്റും കസ്റ്റംസ് അഫയേഴ്സും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന്, പാർസൽ മാറ്റിവെച്ച് എക്സ്-റേ ചെയ്യുകയായിരുന്നെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. എക്സ്-റേ പരിശോധനയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ ലാഭത്തിനായി ബഹ്റൈനിൽ മയക്കുമരുന്ന് വിൽക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ് പ്രതി ഈ മയക്കുമരുന്നുകൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഷിപ്പിങ് ലേബലിൽ ഉണ്ടായിരുന്ന ഫോൺ നമ്പർ പ്രതിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്ന് ടെലിഫോൺ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

