ഹൈവേയിൽ വാഹനമോടിക്കവേ അബോധാവസ്ഥയിലായി; ജീവൻ രക്ഷിച്ചയാൾക്കും പൊലീസ് ഉദ്യോഗസ്ഥനും നന്ദി പറഞ്ഞ് യുവാവ്
text_fieldsമനാമ: നഗരത്തിലെ തിരക്കേറിയ ഹൈവേയിൽ വാഹനമോടിക്കവേ അബോധാവസ്ഥയിലായി നിയന്ത്രണംനഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെടാതെ രക്ഷിച്ച വഴിയാത്രക്കാരനായ യുവാവിനും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള നന്ദി അറിയിച്ച് യുവാവ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കിങ് ഫൈസൽ ഹൈവേയിൽ വെച്ച് ദ അവന്യൂസ് മാളിന് സമീപത്തായാണ് ജാസിം മുഹമ്മദ് അബ്ദുൽറസൂൽ അൽ എസ്കാഫിക്ക് ഗുതുതരമായ ആരോഗ്യപ്രശ്നം കാരണം ബോധം നഷ്ടമായത്. അബ്ദുൽറഹ്മാൻ ബദർ അൽ സഈദ് എന്ന യുവാവും ട്രാഫിക് പൊലീസ് ഓഫിസർ അബ്ദുൽവഹാബ് അഹമ്മദ് അൽ ഷെയ്ഖുമാണ് അദ്ദേഹത്തെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ദൈവത്തിന്റെ കരുണയാൽ സുഖം പ്രാപിക്കുകയും, മക്കളായ മുഹമ്മദ്, നർജിസ് എന്നിവരടങ്ങുന്ന കുടുംബത്തിലേക്ക് സുരക്ഷിതമായി മടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
വാഹനമോടിക്കവേ ക്രമേണ തളർച്ചയുണ്ടാവുകയും വാഹനം നിയന്ത്രിക്കാനോ സഹായം തേടി നിർത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. വാഹനം നിയന്ത്രണം വിട്ടതോടെ മറ്റു ഡ്രൈവർമാർ ഹോൺ മുഴക്കി. എന്നാൽ, ചുറ്റുപാടും നടക്കുന്നതൊന്നും അറിയാനുള്ള കഴിവ് എനിക്ക് നഷ്ടമായിരുന്നുവെന്ന് യുവാവ് പറയുന്നു. ഖദം പ്രദേശത്തിനടുത്തുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ എത്തുന്നതുവരെ ഈ സ്ഥിതി തുടർന്നു. അവിടെ താൻ എങ്ങനെ എത്തിയെന്നോ വാഹനം എങ്ങനെ നിർത്തിയെന്നോ ഓർമയില്ലെന്നും, ഷർട്ടിൽ എഴുതിയിരുന്ന തന്റെ പേര് വിളിച്ചുകൊണ്ട് യുവാവ് കാറിന്റെ ഡോർ തുറന്നപ്പോഴാണ് ബോധം വീണ്ടെടുക്കാനായതെന്നും അൽ എസ്കാഫി പറഞ്ഞു. അബ്ദുൽറഹ്മാൻ അൽ സഈദ് ആയിരുന്നു അത്. അദ്ദേഹം വെള്ളം നൽകുകയും, മുഖം കഴുകിക്കൊടുക്കുകയും ബോധം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു. ദേശീയ ആംബുലൻസ് സേവനം എത്തി പ്രാഥമിക ചികിത്സ നൽകുന്നതുവരെ ഒപ്പമുണ്ടാവുകയും ചെയ്തു. അബ്ദുൽറഹ്മാൻ അൽ സഈദ് സ്വന്തം സുരക്ഷ പോലും അവഗണിച്ച് വാഹനം നിർത്തി വലിയൊരു അപകടം ഒഴിവാക്കിയ വീരനായി അൽ എസ്കാഫി പറഞ്ഞു. ഇതു തന്റെ രണ്ടാം ജന്മമാണെന്നും അദ്ദേഹം പറയുന്നു.
അടിയന്തര സേവനങ്ങൾ എത്തുന്നതുവരെ വേഗത്തിൽ ഇടപെട്ട് റോഡ് സുരക്ഷിതമാക്കുകയും മറ്റു യാത്രക്കാരെ സംരക്ഷിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്ത ട്രാഫിക് പൊലീസ് ഓഫിസർ അബ്ദുൽവഹാബ് അഹമ്മദ് അൽ ഷെയ്ഖിനെയും അദ്ദേഹം പ്രശംസിച്ചു. അടിയന്തര ഘട്ടത്തിൽ ഇടപെട്ട എല്ലാവരോടും നന്ദി അറിയിക്കാൻ വാക്കുകൾ മതിയാകില്ലെന്നും, അവരുടെ പ്രവർത്തനങ്ങൾ കരുണയുടെയും പൊതുസേവനത്തിന്റെയും ഉന്നത മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

