ഉയർന്ന വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsമനാമ: ഉയർന്ന വിനിമയ നിരക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച അറബ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിലേക്ക് പണം അയക്കുമ്പോൾ മണി എക്സ്ചേഞ്ചുകൾ നൽകുന്ന നിരക്കിനേക്കാൾ കൂടുതൽ തുക നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയ ശേഷം 39 കാരനായ ഇയാൾ മുങ്ങുകയായിരുന്നു. 5800 ദീനാറാണ് പ്രതി ഇരകളിൽ നിന്ന് തട്ടിയെടുത്തത്.
കബളിപ്പിക്കപ്പെട്ടവർ കേസ് നൽകിയതിനെ തുടർന്ന് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പ്രതി ഇരകളുമായി ബന്ധപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അജ്ഞാതരുമായി പണമിടപാട് പോലുള്ളവയിൽ ഇടപെടരുതെന്നും ജാഗ്രത കാണിക്കണമെന്നും കാപിറ്റൽ ഗവർണറേറ്റ് പൊലീസ് നിർദേശിച്ചു.

