മൊബൈൽ ഷോപ്പിൽനിന്ന് പണം തട്ടി മുങ്ങി മലയാളി ജോലിക്കാർ
text_fieldsമനാമ: ബഹ്റൈനിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽനിന്ന് എണ്ണായിരത്തിലധികം ദിനാറിന്റെ തട്ടിപ്പ് നടത്തി മുങ്ങി മലയാളി ജോലിക്കാർ. മനാമ സൂഖിൽ പ്രവർത്തിക്കുന്ന സ്കൈ ഗേറ്റ് മൊബൈൽ ഷോപ്പിൽനിന്നാണ് 8860 ദീനാർ തട്ടിപ്പ് നടത്തി പ്രതികൾ രാജ്യംവിട്ടത്. 2025 ആഗസ്റ്റിലാണ് സംഭവം. മലയാളികളായ മുഹമ്മദ് യാസീൻ, മുഹമ്മദ് അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ സെയിൽസ്മാന്മാരായി പ്രവർത്തിച്ചിരുന്ന കാസർകോട് സ്വദേശികളായ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയത്.
കടയുടമകൾ അവധിക്കായി നാട്ടിൽ പോയ സമയത്താണ് കടയിൽ വലിയ സാമ്പത്തിക തിരിമറി പ്രതികൾ നടത്തിയത്.അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉടമസ്ഥർ സ്റ്റോക്കിലും പർച്ചേഴ്സിങ്ങിലും വലിയ വ്യതിയാനം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. ഷോപ്പിന്റെ സ്റ്റോക്കെടുപ്പ് ആരംഭിച്ച അന്ന് രാത്രി തന്നെ പ്രതികൾ രാജ്യം വിട്ടതായി മുഹമ്മദ് യാസീൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മൊബൈൽ ഫോണുകൾ, മൊബൈൽ ആക്സസറികൾ, ‘ബെനിഫിറ്റാ’യി ലഭിച്ച ക്യാഷ് അടക്കം 8860 ദിനാറുമായാണ് ഇവർ രാജ്യം വിട്ടത്.
തട്ടിപ്പ് ബോധ്യപ്പെട്ട കടയുടമകൾ വൈകാതെ തന്നെ നയീം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസ് പീന്നീട് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. പ്രതികൾ ബംഗളൂരുവിലേക്കും അതുവഴി യു.എ.ഇയിലേക്കും കടന്നാതായാണ് നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരമെന്നാണ് കടയുടമകൾ പറയുന്നത്. ബഹ്റൈനിലെ ഇന്ത്യൻ എംബസിയിലും ഇന്ത്യ ഗവർമെന്റിനും കേരള പൊലീസിനും പരാതി അയച്ചിട്ടുണ്ടന്ന് മുഹമ്മദ് യാസീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

