മലയാളി വിദ്യാർഥിനിയെ അമേരിക്കയിൽ അസിസ്റ്റന്റ്ഷിപ്പോടെ ഗവേഷണത്തിന് തിരഞ്ഞെടുത്തു
text_fieldsഹുദ മുഹമ്മദ് ശരീഫ്
മനാമ: പ്രവാസി വിദ്യാർഥിനിയെ അസിസ്റ്റന്റ്ഷിപ്പോടെ അമേരിക്കയിൽ ഗവേഷണത്തിനായി തിരഞ്ഞെടുത്തു.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഹുദ മുഹമ്മദ് ശരീഫിനാണ് ഈ അപൂർവ നേട്ടം. അറ്റ്ലാൻറയിലെ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിൽ പിഎച്ച്.ഡി പൊളിറ്റിക്കൽ സയൻസിനാണ് പ്രവേശനം ലഭിച്ചത്. ഫീ വെയ്വർ ഉൾപ്പെടെ 55 ലക്ഷത്തോളം രൂപയാണ് (66,000 യു.എസ് ഡോളർ) പ്രതിവർഷം ലഭിക്കുക. അഞ്ചുവർഷമാണ് കോഴ്സ് കാലാവാധി.
ബഹ്റൈൻ ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂൾ, അൻസാർ സ്കൂൾ പെരുമ്പിലാവ് എന്നിവിടങ്ങളിലാണ് ഹുദ മുഹമ്മദ് ശരീഫ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസ് ബിരുദം നേടി. തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് ഏരിയ സ്റ്റഡീസിൽ എം.എയും വെസ്റ്റേഷ്യൻ സ്റ്റഡീസിൽ എം.ഫില്ലും കരസ്ഥമാക്കി. ഒരുവർഷമായി ബഹ്റൈൻ അൽ മഹദ് സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുകയാണ്.
ബഹ്റൈനിൽ ജോലിചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശികളായ പാണ്ടികശാല മുഹമ്മദ് ശരീഫ്, ഷംല ശരീഫ് എന്നിവരുടെ മകളാണ്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സിനാനു മുഹമ്മദിന്റെ ഭാര്യയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.