ചിത്രത്തുന്നലിൽ വിസ്മയമായി മലയാളി വനിത
text_fieldsചിത്രം (1) ധന്യ ഷിബു, ചിത്രം (2) ധന്യയുടെ തുന്നൽ കലാ സൃഷ്ടി
മനാമ: ചിത്രത്തുന്നലിലൂടെ മനോഹര ചിത്രങ്ങളൊരുക്കി വിസ്മയമാകുകയാണ് ബഹ്റൈൻ പ്രവാസിയായ തൃശൂർ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ധന്യ ഷിബു. കഴിഞ്ഞ 20 വർഷമായി ബഹ്റൈനിലുള്ള ധന്യ തുണികളിലാണ് തുന്നലിലൂടെ വ്യത്യസ്ത ചിത്രങ്ങളൊരുക്കുന്നത്. ബിരുദധാരിയായ ധന്യ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലും തലോർ നവജ്യോതി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. പഠനകാലത്ത് ക്ലേ മോഡലിങ് (കളിമൺ കൊണ്ടുള്ള ശിൽപങ്ങൾ), ഹെന്ന ഡിസൈനിങ്, ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.
ധന്യയുടെ തുന്നൽ കലാ സൃഷ്ടി
ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച ധന്യ വിവാഹശേഷം മക്കളുടെ കാര്യങ്ങളും ജോലിക്കുമൊക്കെയായി വരകളുടെയും ചായങ്ങളുടെയും ലോകത്തുനിന്ന് തൽക്കാലം മാറിനിൽക്കുകയായിരുന്നു. ഇതിനിടയിൽ കോവിഡ് മഹാമാരിയിൽ എങ്ങും ലോക്ക്ഡൗണായി. കോവിഡ് കാല ടെൻഷനും വിരസതയും അകറ്റാനായി വീണ്ടും വരയുടെ ലോകത്തേക്ക് ധന്യ തിരിച്ചുവന്നു.
അപ്പോഴാണ് ക്വീൻസ് ബിസിനെസ് ഗ്ലോബൽ പേജിൽ അതിന്റെ സ്ഥാപകയായിട്ടുള്ള സന്ധ്യയുടെ ഓൺലൈൻ എംബ്രോയ്ഡറി ക്ലാസിനെക്കുറിച്ച് അറിയുന്നത്. അതിൽ ചേർന്നു ഒരു മാസംകൊണ്ടുതന്നെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. ആദ്യമായി മകളുടെ മുഖം തുണിയിൽ തുന്നിയെടുത്തത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു. മക്കളുടെ നിർബന്ധപ്രകാരം ഇൻസ്റ്റഗ്രാമിൽ Silkroots.bh എന്ന പേജ് തുടങ്ങി അതിൽ ധന്യ ചെയ്ത വർക്കുകൾ ഇടാൻ തുടങ്ങിയത് വഴിത്തിരിവായി മാറി.
ആ വർഷം ഇന്ത്യൻ സ്കൂളിൽനിന്ന് വിരമിച്ച കുട്ടികളുടെ പ്രിയങ്കരനായിരുന്ന അധ്യാപകൻ അഗസ്റ്റിന്റെ ചിത്രം പോർട്രെയ്റ്റ് വർക്ക് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രവും പിടിച്ചു വികാരനിർഭരനായി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖമാണ് പിന്നീടുള്ള വർക്കുകൾ ചെയ്യാൻ ധൈര്യം തന്നതെന്ന് ധന്യ പറഞ്ഞു.
ഹമദ് രാജാവിന്റെ മുഖം തുണിയിൽ തുന്നിയെടുത്തതും ശ്രദ്ധിക്കപ്പെട്ടു. അതു ഗൾഫ് മാധ്യമം പത്രത്തിൽ ആർട്സ് ക്ലബ്ബ് കോളത്തിൽ വന്നതോടെ കൂടുതൽ ആളുകൾ ധന്യയുടെ വർക്കിനെപ്പറ്റി അറിയാൻ ഇടയാക്കി. മലയാളികളുടെ മാത്രമല്ല അറബ്, തുർക്കി, സുഡാൻ വംശജരുടെയും പോർട്രെയ്റ്റ് തുന്നാൻ അവസരം ഉണ്ടായി. മദർ മേരി മഡോണ ഓഫ് സ്ട്രീറ്റ് എന്ന പ്രസിദ്ധമായ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രവും ശ്രദ്ധേയമായിരുന്നു.
വിവാഹ വാർഷികത്തിന് സ്വന്തം ചിത്രം തുന്നിയെടുത്തതാണ് ധന്യക്ക് സ്വന്തം വർക്കുകളിൽ ഏറ്റവും പ്രിയപ്പെട്ടത്. ഇപ്പോൾ ജീസസ് ലാസ്റ്റ് സപ്പർ എന്ന വിഖ്യാത ചിത്രം തുന്നിയെടുക്കാനുള്ള ശ്രമത്തിലാണ് ധന്യ. ഇതുപോലെ ഒരുപാട് നൂൽചിത്രങ്ങൾ നെയ്തെടുക്കണം എന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് ധന്യ പറഞ്ഞു.
ഭർത്താവ് ഷിബു വർഗീസ് ബഹ്റൈനിലെ സൽമാബാദിൽ സൽമാബാദിൽ ബ്ലൂ മോട്ടോഴ്സ് എന്ന പേരിൽ സ്വന്തമായി ഗാരേജ് നടത്തുകയാണ്. ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിനിയായ മകൾ ഗ്രേസ് മരിയ ഇപ്പോൾ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. മകൻ കെവിൻ ഷിബു ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

