അക്ഷരമുറ്റത്ത് മാമ്പഴമധുരം നിറച്ച് കുട്ടിക്കൂട്ടം
text_fieldsമനാമ: കഥ പറഞ്ഞും കവിത ചൊല്ലിയും പാട്ടു പാടിയും മലയാള മധുരത്തിന്റെ മാമ്പഴക്കാലം തീർത്ത് കുട്ടികൾ. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരമുറ്റമാണ് കുട്ടികളുടെ സർഗ സല്ലാപത്തിന് വേദിയായത്. ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ പഠിതാക്കളായ എഴുന്നൂറോളം കുട്ടികളാണ് അക്ഷരമുറ്റത്ത് ഒത്തുചേർന്നത്. ജീവിതത്തോടും പ്രകൃതിയോടും ചേര്ന്നുനില്ക്കുന്ന കവിതകളിലൂടെയും കഥകളിലൂടെയും അധ്യാപകനും കവിയുമായ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയും ഭാഷാധ്യാപകനായ സതീഷ് കുമാറും കുട്ടികളുമായി സംവദിച്ചു.
ആനയ്ക്ക് ചിറക് വരച്ചും പക്ഷിക്ക് തുമ്പിക്കൈ ഒരുക്കിയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചും കഥകൾ പൂരണം ചെയ്തും, വൃക്ഷത്തൈയിലെ ഇല എണ്ണിയും പഠിതാക്കൾ അരങ്ങിനെ ആശയസമ്പുഷ്ടമാക്കി. ആശയവിനിമയത്തിനൊപ്പം മാതൃഭാഷയുടെ സൗന്ദര്യവും മികവും തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങ് എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. കണിക്കൊന്ന പഠിതാവായ ജൊഹാൻ സഹപാഠികൾക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലയാളം മിഷൻ തിരുവനന്തപുരത്ത് നടത്തിയ കുട്ടികളുടെ സഹവാസ ക്യാമ്പായ " കടലാസ് തോണിയിൽ " ബഹ്റൈനിൽ നിന്നും പങ്കെടുത്ത കുട്ടികൾ അവരുടെ ക്യാമ്പനുഭവങ്ങൾ പങ്കുവെച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്ത് മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി പഠിതാക്കൾക്ക് മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കൈമാറിയ വൃക്ഷത്തൈ സമാജത്തിന്റെ ഉദ്യാനത്തിൽ നട്ടു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം.സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിളള, ചാപ്റ്റർ ജോയന്റ് സെക്രട്ടറി രജിത അനി, കോഓഡിനേറ്റർ നന്ദകുമാർ എടപ്പാൾ, ജോയൻറ് കൺവീനർ സുനേഷ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, വിവിധ പഠന കേന്ദ്രങ്ങളിലെ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നീലക്കുറിഞ്ഞി പഠിതാവായ നന്ദന ശ്രീകാന്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

