നിറഞ്ഞുകവിഞ്ഞ് ഹറമുകൾ
text_fieldsജിദ്ദ: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതോടെ മക്ക, മദീന ഹറമുകൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ഇരുഹറമുകളുടെയും പൂർണശേഷിയിൽ ആളുകളെ ഉൾക്കൊണ്ടതോടെ ഇക്കഴിഞ്ഞ ജുമുഅ നമസ്കാരം നീണ്ട ഇടവേളക്കുശേഷം നടന്ന ഏറ്റവും വലിയ ജനസഞ്ചയത്തോട് കൂടിയതായി.
സാമൂഹിക അകലം പാലിക്കാതെയും ആരോഗ്യനില പരിശോധനക്ക് വിധേയമാകാതെയും ഉംറ തീർഥാടകരടക്കം സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകളാണ് ഹറമുകളിൽ ജുമുഅ നമസ്കാരം നിർവഹിച്ചത്. രണ്ടു വർഷത്തിനു ശേഷമാണ് ഇത്രയും പേർ ജുമുഅ നമസ്കാരത്തിന് ഹറമുകളിലെത്തുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷമൊരുക്കാൻ ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
കൂടുതൽ സ്ഥലങ്ങളിൽ നമസ്കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ശുചീകരണ, അണുനശീകരണ ജോലികൾ തുടരുകയാണ്. റോബോട്ടുകളും ബയോകെയറുകളും ഉപയോഗിച്ചാണ് പരവതാനികൾ അണുമുക്തമാക്കുന്നത്. വിവിധ ഭാഷകളിൽ തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. ഹറമുകൾക്കുള്ളിൽ ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും തിക്കുംതിരക്കുമൊഴിവാക്കാനും കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരും രംഗത്തുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

