ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ പ്രസവാവധി 70 ദിവസമാക്കുന്നത്: ആശങ്കയറിയിച്ച് സർക്കാർ; പുനരാലോചന വേണം
text_fieldsമനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 60 ദിവസത്തിൽനിന്ന് 70 ദിവസമായി വർധിപ്പിക്കാനും, കൂടാതെ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധി നിലനിർത്താനും ലക്ഷ്യമിട്ടുള്ള കരട് നിയമത്തിൽ പുനരാലോചന വേണമെന്ന് ബഹ്‌റൈൻ സർക്കാർ ആവശ്യപ്പെട്ടു. പാർലമെന്റിലേക്ക് അയച്ച മെമ്മോയിലാണ് 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമത്തിലെ നിർദിഷ്ട ഭേദഗതിയിൽ സർക്കാർ ആശങ്കകൾ ഉന്നയിച്ചത്.
തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ താൽപര്യങ്ങളും സാമ്പത്തിക യാഥാർഥ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ആവശ്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിർദേശിച്ചിട്ടുള്ള പ്രസവാവധി വർധനവ് സ്വകാര്യമേഖലയിലെ തൊഴിലുടമകൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകൾക്ക്, അധിക സാമ്പത്തിക ചെലവുകൾ അടിച്ചേൽപിക്കും. ഇതിന് ആനുപാതികമായ സാമ്പത്തികനേട്ടങ്ങളോ ന്യായീകരണങ്ങളോ ഇല്ലെന്നും മെമ്മോയിൽ പറയുന്നു.
നിലവിൽ പൊതു-സ്വകാര്യ മേഖലകളിൽ 60 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിയാണ് നൽകുന്നത്. ഈ അവധി വർധിപ്പിക്കുന്നത് ഇരുമേഖലകളിലെയും ആനുകൂല്യങ്ങൾ ഏകീകരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തും.
ഇത്തരം അസമത്വം സൃഷ്ടിക്കുന്നത് തൊഴിൽ മാറ്റത്തെ തടസ്സപ്പെടുത്താനും, ജോലിസ്ഥലത്തെ തുല്യതയെ ദുർബലപ്പെടുത്താനും, സ്വകാര്യമേഖലയിൽ സ്ത്രീകളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കാരണം, അധിക ചെലവുകളും പ്രവർത്തന വെല്ലുവിളികളും കണക്കിലെടുത്ത് ചില തൊഴിലുടമകൾ വനിത ജീവനക്കാരെ നിയമിക്കുന്നത് ഒഴിവാക്കിയേക്കാം.
നിലവിലുള്ള നിയമം വനിത തൊഴിലാളികൾക്ക് 60 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് പുറമെ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധിയും, പ്രസവാവധി സമയത്ത് ജോലി സുരക്ഷ, കുഞ്ഞിനെ പരിപാലിക്കാനായി ശമ്പളത്തോടുകൂടിയ ഇടവേളകൾ തുടങ്ങിയ സംരക്ഷണങ്ങളും നൽകുന്നുണ്ട്.
ബിസിനസുകൾക്ക് ഒരു പിന്തുണ സംവിധാനം ഇല്ലാതെ പ്രസവാവധി വർധിപ്പിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മെമ്മോയിൽ പറയുന്നു. ഏത് മാറ്റങ്ങളും കൂടുതൽ സാങ്കേതികവും സാമ്പത്തികവുമായ വിശകലനത്തിന്റെ പിൻബലത്തോടെ ആയിരിക്കണമെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

