കഷ്ടപ്പാടുകളിൽ ആശ്വാസം നൽകുന്ന മാധ്യമ ഇടപെടൽ -എം.എക്സ്. ജലീൽ
text_fieldsമനാമ: പ്രാദേശിക ഭാഷയിൽ ഇന്ത്യക്കു പുറത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പത്രം എന്ന നിലയിൽ ഗൾഫ് മാധ്യമം അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഗൾഫ് നാടുകളിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികൾ ആയതുകൊണ്ടുതന്നെ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും നേർചിത്രം നമ്മുടെ ഭരണാധികാരികളുടെ മുന്നിൽ എത്തിക്കാൻ ഗൾഫ് മാധ്യമത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടപെടലായിരുന്നു കോവിഡ് കാലത്ത് ‘ഇനി എത്രപേർ മരിക്കണം’ എന്ന തലക്കെട്ടിൽ മാധ്യമം പ്രസിദ്ധീകരിച്ച ഏറെ ചർച്ചകൾക്ക് കാരണമായ ആ വാർത്ത. അധികാരികളുടെ കണ്ണുതുറപ്പിക്കാനും ഒട്ടനവധിയായ നിരാലംബരായ മലയാളികളുടെ ജീവൻ രക്ഷിക്കാനും അതുവഴി സാധിച്ചു. ചായയും പത്രവും എന്ന മലയാളികളുടെ ഗൃഹാതുരത്വം കൃത്യമായി നിറവേറ്റുന്നതിലും നാട്ടിലെപോലെതന്നെ വീട്ടുപടിക്കൽ അതിരാവിലെ പത്രം എത്തിക്കുക എന്ന ശ്രമകരമായ ദൗത്യവും കൃത്യമായി ചെയ്യാൻ കഴിയുന്നു എന്നതും തികച്ചും ആശ്ചര്യമുളവാക്കുന്ന കാര്യമാണ്. വ്യാജ വാർത്തകളുടെയും പെയ്ഡ് ജേണലിസത്തിന്റെയും കാലത്ത് നിഷ്പക്ഷമായ വാർത്തകളും വസ്തുതാപരമായ എഡിറ്റോറിയലിലും കഴിയുന്നത്ര ശ്രദ്ധകൊടുത്ത് പ്രസിദ്ധീകരിക്കാൻ മാധ്യമം ശ്രമിക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ട കാര്യംതന്നെയാണ്.
സാധാരണക്കാരായ പ്രവാസികളെ ഗൾഫ് നാടുകളിലെ നിയമവ്യവസ്ഥയും അവരുടെ തൊഴിൽപരമായ അവകാശങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിൽ ഗൾഫ് മാധ്യമം വഹിക്കുന്ന പങ്ക് മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്തതാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്ക് മാധ്യമം നൽകുന്ന വാർത്താപ്രാധാന്യം അനേകം സംഘടനകൾക്ക് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനമാണ്.
ധാർമികതയിൽ ഊന്നി പ്രവർത്തിക്കുന്ന ഗൾഫ് മാധ്യമത്തിന്റെ പ്രയാണത്തിൽ ഈ 25 വർഷങ്ങൾ പിന്നിടുന്ന വേളയിൽ മാധ്യമത്തിന്റെ സ്ഥിരം വായനക്കാരാകാൻ ഓരോ മലയാളിയോടും അഭ്യർഥിക്കുകയാണ്.