പ്രബേഷൻ പീരിയഡിൽ ഉള്ളപ്പോൾ മറ്റൊരു കമ്പനിയിൽ ചേരാൻ സാധിക്കുമോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
പ്രബേഷൻ പീരിയഡിൽ ഉള്ളപ്പോൾ മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്യാൻ സാധിക്കുമോ?
?ഞാൻ ഇപ്പോൾ ഒരു കമ്പനിയിൽ പ്രബേഷൻ പീരിയഡിൽ ആണ്. എന്നാൽ മറ്റൊരു കമ്പനിയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട വ്യവസ്ഥയിൽ എനിക്ക് ഓഫർ ലെറ്റർ കിട്ടി. അവിടെ ജോയിൻ ചെയ്യാൻ എനിക്ക് താൽപര്യമുണ്ട്. നിലവിലുള്ള കമ്പനിയിൽ നിന്ന് രാജിവെക്കാൻ എന്താണ് ചെയ്യേണ്ടത് -ഷമ്മി
തൊഴിൽ നിയമപ്രകാരം ആദ്യത്തെ മൂന്നുമാസം പ്രബേഷൻ പീരിയഡ് ആണ്. ആ സമയത്ത് തൊഴിലുടമക്കും തൊഴിലാളിക്കും ഒരുദിവസത്തെ നോട്ടീസ് നൽകി തൊഴിൽകരാർ റദ്ദുചെയ്യാൻ സാധിക്കും. അതുകൊണ്ട് താങ്കൾ ഒരു ദിവസത്തെ നോട്ടീസ് നൽകി താങ്കളുടെ തൊഴിൽ കരാർ റദ്ദു ചെയ്യണം. എന്നിട്ട് ബാക്കി നടപടിക്രമങ്ങൾ എല്ലാം പാലിച്ച് പുതിയ ജോലിക്ക് മാറാൻ ശ്രമിക്കണം. ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്: താങ്കളുടെ കരാറിൽ പ്രബേഷൻ പീരിയഡ് ഉണ്ടോ എന്ന് നോക്കണം. തൊഴിൽ കരാറിൽ പ്രബേഷൻ പീരിയഡ് ഇല്ലെങ്കിൽ അതിന്റെ ആനുകൂല്യം താങ്കൾക്ക് ലഭിക്കുകയില്ല. രണ്ട്: എൽ.എം.ആർ.എ നിയമപ്രകാരംകുറഞ്ഞത് ഒരു വർഷം തൊഴിലുടമയുടെ കൂടെ ജോലി ചെയ്താൽ മാത്രമേ വേറൊരു തൊഴിലിലേക്ക് മാറുവാൻ സാധിക്കുകയുള്ളു. താങ്കൾ തൊഴിൽ കരാർ റദ്ദു ചെയ്യുകയാണെങ്കിൽ എൽ.എം.ആർ.എയുടെ ഈ വ്യവസ്ഥ താങ്കൾക്ക് ബാധകമായിരിക്കും. ഈ രണ്ട് കാര്യങ്ങൾ വ്യക്തമായി പഠിച്ചശേഷമേ തൊഴിൽ കരാർ റദ്ദ് ചെയ്യാവൂ. ഒരു ബഹ്റൈനി അഭിഭാഷകന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്.
?ഇൻഡമിനിറ്റിയെക്കുറിച്ച് വ്യക്തത നൽകാമോ. ഇൻഡമിനിറ്റി കണക്കാക്കുന്നതിന് ആർട്ടിക്കിൾ 47 ബാധകമാണെന്ന് പറയുന്നു. പ്രതിമാസ സ്ഥിര ശമ്പളം + വിൽപ്പന കമ്മീഷൻ എന്നിവയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന് കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടോ -ഷെരീഫ്
തൊഴിൽ നിയമപ്രകാരം പ്രതിമാസ സ്ഥിര ശമ്പളവും അതിന്റെ കൂടെ ലഭിക്കുന്ന കമീഷൻ, അല്ലെങ്കിൽ ശതമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ കണക്കാക്കുന്നത്. അതുപോലെ പീസ് റേറ്റ്/ പ്രൊഡക്ഷൻ ബേസിസ് എന്നിവയുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മൂന്നു മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ കണക്കാക്കുന്നത്. അതായത് ലീവിങ് ഇൻഡമിനിറ്റി, അവധി ബാക്കിയുണ്ടെങ്കിൽ അതിനുള്ള ശമ്പളം, നോട്ടീസിന്റെ ശമ്പളം, നഷ്ടപരിഹാരം എന്നിവ.

