ജോലി ചെയ്ത കമ്പനി മറ്റൊന്നുമായി മെർജ് ചെയ്താൽ പഴയ ആനുകൂല്യങ്ങൾ ലഭിക്കുമോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞാൻ ഒരു കമ്പനിയിൽ ഒമ്പതു വർഷമായി ജോലി ചെയ്യുന്നു. ഇതുവരെ കമ്പനിയിൽനിന്ന് ടിക്കറ്റ്, ലീവ് സാലറി ഒന്നും കിട്ടിയിട്ടില്ല. കോവിഡ് വന്നതിനുശേഷം സാലറിയും പകുതിയേ കിട്ടുന്നുള്ളൂ. ഇപ്പോൾ ഈ കമ്പനി, ഇതിന്റെ ഉടമസ്ഥന്റെ മകന്റെ കമ്പനിയുമായി മെർജ് ചെയ്ത് എന്റെ വിസ ആ കമ്പനിയിലേക്ക് മാറ്റി. ഈ സാഹചര്യത്തിൽ ഇതുവരെ കിട്ടാത്ത സാലറി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കിട്ടാൻ സാധ്യതയുണ്ടോ - ഹരികൃഷ്ണൻ
• താങ്കൾ പറയുന്ന രണ്ടു കമ്പനികളും ഇവിടത്തെ കമ്പനി നിയമപ്രകാരം മെർജ് ചെയ്തതാണെങ്കിൽ രണ്ടു കമ്പനികളും തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുത്തുതീർക്കാൻ കൂട്ടായി ബാധ്യസ്ഥരാണ്. ഇതിനുള്ള വ്യവസ്ഥ തൊഴിൽ നിയമത്തിലുണ്ട്. അതുകൊണ്ട് താങ്കൾ പറയുന്ന കമ്പനികൾ മെർജ് ചെയ്തതെങ്ങനെ എന്ന് അറിയാതെ താങ്കളുടെ കാര്യത്തിൽ വ്യക്തമായി മറുപടി തരാൻ പ്രയാസമാണ്. ഒരു കമ്പനി അവരുടെ പ്രവൃത്തികൾ എല്ലാം ഏതെങ്കിലും കാരണംകൊണ്ട് നിർത്തിയപ്പോൾ പുതിയ കമ്പനി താങ്കളുടെ വിസ അവരുടെ പേരിലേക്ക് മാറ്റിയതാണെങ്കിൽ മെർജിങ്ങിന്റെ ആനുകൂല്യം ലഭിക്കുകയില്ല. മറിച്ച് പഴയ കമ്പനി ഇപ്പോഴും നിലവിലുണ്ടെങ്കിൽ താങ്കൾക്ക് ആ കമ്പനിയിൽനിന്ന് ആനുകുല്യങ്ങൾ ആവശ്യപ്പെടാം. ലഭിക്കുന്നില്ലെങ്കിൽ ഒരു വർഷത്തിനകം നിയമനടപടികളിലൂടെ ലഭിക്കാനുള്ള ആനുകുല്യങ്ങൾ ആവശ്യപ്പെടാം. പഴയ കമ്പനിക്ക് ആസ്തികൾ (assets) ഒന്നുമില്ലെങ്കിൽ കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചാലും അത് നടപ്പാക്കി പണം ലഭിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഒരു ബഹ്റൈനി അഭിഭാഷകന്റെ നിയമസഹായം തേടുന്നത് നല്ലതാണ്. അത് ഉടനെ തന്നെ ചെയ്യണം.
? ഗോൾഡൻ വിസ ലഭിച്ച ഒരാൾക്ക് ഒരു കമ്പനിയിൽ ജോലി ചെയ്യണമെങ്കിൽ എൽ.എം.ആർ.എയുടെ തൊഴിൽ വിസ ആവശ്യമാണോ- ഷമീർ
• ഗോൾഡൻ വിസ ഇവിടെ പത്തു വർഷം താമസിക്കാനുള്ള താമസ വിസയാണ്. ജോലി ചെയ്യണമെങ്കിൽ എൽ.എം.ആർ.എ നൽകുന്ന തൊഴിൽ പെർമിറ്റ് എടുക്കണം. ആ പെർമിറ്റ് എടുക്കാൻ അതിന്റെ ഭാഗമായി ലഭിക്കുന്ന താമസ വിസയുടെ ആവശ്യമില്ല. ഗോസിയും എൽ.എം.ആർ.എ ഫീസും നൽകണം. തൊഴിൽ പെർമിറ്റിന്റെ കാലാവധി ഒരു വർഷമോ അല്ലെങ്കിൽ രണ്ടു വർഷമോ ആണ്.

