Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മേഡ് ഇൻ ജി.സി.സി' ഫോറം സമാപിച്ചു; പ്രാദേശിക ഉൽപ്പാദന മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം

text_fields
bookmark_border
  • 2 ശതകോടി ഡോളറിന്റെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യം
  • സ്മാർട്ട് ഫോണുകൾ, മരുന്നുകൾ, ചീസ് എന്നിവയിൽ പ്രാദേശിക ഉൽപ്പാദനം വ്യാപിപ്പിക്കും
‘മേഡ് ഇൻ ജി.സി.സി ഫോറം സമാപിച്ചു; പ്രാദേശിക ഉൽപ്പാദന മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങി രാജ്യം
cancel

മനാമ: പ്രാദേശിക മേഖലയിൽ ഉൽപ്പാദനം വ്യാപിക്കാക്കാനൊരുങ്ങി ബഹ്റൈൻ. വിമാന ഭാഗങ്ങൾ, സ്മാർട്ട് ഫോണുകൾ, മരുന്നുകൾ, ചീസ് ഉൾപ്പെടെയുള്ള 12 സുപ്രധാന ഉൽപ്പന്ന മേഖലകളിൽ പ്രാദേശിക ഉൽപ്പാദനം വ്യാപിപ്പിക്കുന്നതിനായി വൻതോതിൽ നിക്ഷേപകരെയും പ്രാദേശിക വിദഗ്ദ്ധരെയും ആകർഷിക്കാനാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.

എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ സമാപിച്ച ‘മേഡ് ഇൻ ജി.സി.സി' ഫോറത്തിലാണ് വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ നിക്ഷേപ സാധ്യതകൾ വ്യക്തമാക്കി വികസന രൂപരേഖ അവതരിപ്പിച്ചത്.

നിലവിൽ 2 ശതകോടി ഡോളറോളം ഇറക്കുമതി ചെലവ് വരുന്ന 12 മേഖലകളാണ് മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്ക് ശേഷവും ആഗോള യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഭക്ഷ്യ, ഔഷധ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതി ഭാരം കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് വ്യവസായ വാണിജ്യ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

നിലവിൽ പ്രതിവർഷം 2.07 കോടി ബഹ്‌റൈനി ദീനാർ വിലമതിക്കുന്ന ചീസുകൾ രാജ്യം ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രാദേശിക ഉൽപ്പാദനം ഇല്ലാത്ത സാഹചര്യത്തിൽ, ബഹ്‌റൈന്റെ മികച്ച ലോജിസ്റ്റിക് സൗകര്യങ്ങളും ജിസിസിയിലെ കേന്ദ്ര സ്ഥാനവും ഉപയോഗപ്പെടുത്തി രാജ്യത്തെ ഒരു മേഖല ചീസ് നിർമ്മാണ ഹബ്ബാക്കി മാറ്റാനാണ് നീക്കം.

കൂടാതെ പ്രതിവർഷം 26.8 കോടി ബഹ്‌റൈനി ദീനാറിന്റെ വിമാന നിർമ്മാണ ഭാഗങ്ങളും 7.64 കോടി ദീനാറിന്റെ ഔഷധ ഉൽപ്പന്നങ്ങളും രാജ്യം ഇറക്കുമതി ചെയ്യുന്നുണ്ട്. മരുന്ന് നിർമ്മാണവും പാക്കിംഗും പ്രാദേശികമായി വികസിപ്പിച്ച് ഔഷധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ബഹ്‌റൈൻ ലക്ഷ്യമിടുന്നു.

സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ ഉൾപ്പെടെ 17.8 കോടി ദീനാറിന്റെ സ്മാർട്ട് ഉപകരണങ്ങളും 5.81 കോടി ദീനാറിന്റെ വാഹന ഇറക്കുമതിയും പ്രതിവർഷം നടക്കുന്നുണ്ട്. അസംബ്ലിംഗ് യൂണിറ്റുകൾ രാജ്യത്ത് ആരംഭിക്കാൻ നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. ലാബ് ഉപകരണങ്ങൾ, ഗ്ലാസ് ബോട്ടിലുകൾ, കാർബൺ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, കേബിളുകൾ, ടയറുകൾ എന്നിവയാണ് മന്ത്രാലയം ചൂണ്ടിക്കാണിച്ച മറ്റ് മേഖലകൾ.

ഫോറത്തിന്റെ ഭാഗമായി ബഹ്‌റൈനി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ലുലു ഗ്രൂപ്പ് ഇന്റർനാഷണലും 'എക്‌സ്‌പോർട്ട് ബഹ്‌റൈനും' ഒപ്പുവെച്ച കരാർ ഉൾപ്പെടെ 10 ധാരണാപത്രങ്ങളിൽ വിവിധ സ്ഥാപനങ്ങൾ ഒപ്പുവെച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Made in GCC' forum concludes; nation targets manufacturing leap
Next Story