ലോകം സൗദിക്കൊപ്പം
text_fieldsയമനിലെ ഹൂതി വിമതസേന മക്കയെ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തിയ സംഭവത്തില്‍ മുസ്ലിം ലോകം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തെ സൗദി ശൂറാ കൗണ്‍സിലും വിവിധ രാജ്യങ്ങളും സംഘടനകളും പണ്ഡിത സഭകളും അപലപിച്ചു. മുസ്ലിംകളുടെ കേന്ദ്രത്തിനു നേരെയുള്ള ആക്രമണമായാണിതിനെ നേതാക്കള്‍ വിലയിരുത്തിയത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍
മിസൈലാക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുലത്തീഫ് ബിന്‍ റാശിദ് അല്‍സയാനി അപലപിച്ചു. സൗദിയുടെ പവിത്രമായ ചുമരുകളെയും ലോകത്തെ ഒന്നര ബില്യന്‍ മുസ്ലിംകളുടെ കേന്ദ്രത്തെയും പുണ്യസ്ഥലങ്ങളേയും തകര്‍ക്കാനുള്ള ഹീനമായ ശ്രമമായാണ് ഈ അതിക്രമത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കാണുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്‍െറ തീരുമാനങ്ങളോടും വെടിനില്‍ത്തലിനും യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയമായ പരിഹാരം കാണുന്നതിനും ശ്രമിക്കുന്നവരോടും ഹൂതികളും അവരുടെ സഹായികളും കാണിക്കുന്ന ധിക്കാരത്തിന്‍െറ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
അറബ് ലീഗ്
പുണ്യഭൂമിക്ക് നേരെയുള്ള മിസൈലാക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ളെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹ്മദ് അബൂ ഗൈദ് പറഞ്ഞു. ലോക മുസ്ലിംകളുടെ ഖിബ്ലക്കും പുണ്യസ്ഥലങ്ങള്‍ക്കും നേരെയുള്ള ധിക്കാരപരമായ നടപടിയാണിത്. യമനില്‍ വെടിനിര്‍ത്തലിലൂടെ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വേളയിലാണ് ഇത്തരമൊരു മിസൈലാക്രമണം. ഇത് അസമാധാനവും അസ്ഥിരതയും ഉണ്ടാക്കാനേ സഹായിക്കൂവെന്നും അറബ് ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
യു.എ.ഇ വിദേശകാര്യ മന്ത്രി
യൂ.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സാഇദും സംഭവത്തെ അപലപിച്ചു. മക്കയിലേക്ക് മിസൈലയക്കാന്‍ ഭീകരവാദ സംഘടനക്ക് ഇറാന്‍ സഹായം നല്‍കുന്നതായി യു.എ.ഇ മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇസ്ലാമിക ഭരണകൂടമാണെന്ന ഇറാന്‍െറ വാദത്തെ അദ്ദേഹം തള്ളി. ഇറാന്‍ വാദിക്കുന്ന ഇസ്ലാമിക ഭരണം ഇപ്രകാരമാണോയെന്നും അദ്ദേഹം ചോദിച്ചു.
സൗദി ശൂറ കൗണ്‍സില്‍
മക്കയുടെ പവിത്രത തകര്‍ക്കാന്‍ ഇറാന്‍െറ സഹായത്തോടെ നടത്തുന്ന അതിക്രമം കാടത്തമാണെന്ന് ശൂറാ കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു. സൗദിക്ക് നേരെ ഹൂതികളുടെ ഭാഗത്തു നിന്നുള്ള ആക്രമണത്തിന്‍െറ വ്യക്തമായ തെളിവാണിത്. ലോകത്തെ വിവിധ രാജ്യങ്ങളോട് പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങളോട് സംഭവത്തില്‍ ശക്തമായി അപലപിക്കാനും ആക്രമികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ സുരക്ഷക്കും സ്ഥിരതക്കും രാജ്യമെടുക്കുന്ന ഏത് തീരുമാനത്തിനും ശൂറയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ വിദേശകാര്യ മന്ത്രി
ഹൂതികളുടെ മിസൈലാക്രമണം മക്കയുടെ പവിത്രതക്കും വിശുദ്ധിക്കും ലോകമുസ്ലിംകളുടെ കേന്ദ്രത്തിനും നേരെയുള്ള വ്യക്തമായ അതിക്രമമാണെന്ന് സംഭവത്തില്‍ അപലപിച്ചു ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു.
മുസ്ലിം വേള്‍ഡ് ലീഗ്
സംഭവം കാടത്തമാണെന്നും ഹൂതികളുടെ വഴിപിഴച്ചതും പകയും വിദ്വേഷം നിറഞ്ഞതുമായ നിലപാടുകളുടെ ആഴം തുറന്നു കാട്ടുന്നതാണെന്നും മുസ്ലിം വേള്‍ഡ് ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമത്തിനെതിരെ സൗദിക്കൊപ്പം നിലകൊണ്ട് പൂര്‍ണ സഹായം നല്‍കും.
മുസ്ലിം വിശുദ്ധ സ്ഥലങ്ങള്‍ക്ക് നേരെയുള്ള വലിയ ഭീഷണിയും ലോക മുസ്ലിംകള്‍ക്ക് നേരെയുള്ള പ്രകോപനമായും സംഭവത്തെ കാണണം- മുസ്ലീം വേള്‍ഡ് ലീഗ് അഭിപ്രായപ്പെട്ടു.
പാകിസ്താന്‍
കഅ്ബക്കു നേരെ മുമ്പ് ആക്രമണം നടത്തിയ ഖറാമിത്വകളോട് സമാനത പുലര്‍ത്തുന്നവരാണ് ഹൂതികളെന്ന് പാക്കിസ്ഥാന്‍ പണ്ഡിത സഭ കുറ്റപ്പെടുത്തി.
സംഭവം അപലപനീയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
