‘മാറാഇ 2025’ന് പ്രൗഢ തുടക്കം
text_fields‘മാറാഇ 2025’ എട്ടാമത് പതിപ്പിന്റെ ഉദ്ഘാടന പരിപാടികൾക്കായെത്തിയ ഹമദ് രാജാവ്
മനാമ: അഗ്രികൾചറൽ ആൻഡ് ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2025) എട്ടാമത് പതിപ്പിന് ബഹ്റൈനിൽ തുടക്കം. ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ദേശീയ ഭക്ഷ്യസുരക്ഷക്കും അത്യന്താപേക്ഷിതമായ കാർഷിക, കന്നുകാലി മേഖലകളെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹ്റൈൻ പ്രത്യേക ശ്രദ്ധയും മുൻഗണനയും നൽകുമെന്ന് ചടങ്ങിൽ ഹമദ് രാജാവ് പറഞ്ഞു.
അഗ്രികൾചറൽ ആൻഡ് ആനിമൽ പ്രൊഡക്ഷൻ ഷോയുടെ എട്ടാമത് പതിപ്പായ മറാഇ 2025ന്റെ ഉദ്ഘാടന പരിപാടികളിൽനിന്ന്
കാർഷിക, മൃഗ പ്രദർശനങ്ങൾ, കലാപ്രദർശനം, പൈതൃക ഗ്രാമം, കർഷക വിപണി, കന്നുകാലി വിപണി, അന്താരാഷ്ട്ര കുതിര പ്രദർശനം, കണ്ടൽ മരങ്ങൾക്കായുള്ള പ്രത്യേക പവിലിയൻ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവ ഈ വർഷത്തെ പതിപ്പിൽ ഒരുക്കിയിട്ടുണ്ട്. ജി.സി.സിയിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നുമുള്ള നിരവധി പ്രദർശകർ പരിപാടിയിൽ പങ്കെടുക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി. പരിപാടിയുടെ ഭാഗമായി പരമ്പരാഗത കലാപ്രകടനങ്ങൾ, ബഹ്റൈൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുതിര പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടന്നു. മത്സര വിജയികൾക്കും സഹകരിച്ച സ്ഥാപനങ്ങൾക്കും രാജാവ് സമ്മാനങ്ങൾ നൽകി.
അഗ്രികൾചറൽ ആൻഡ് ആനിമൽ പ്രൊഡക്ഷൻ ഷോയുടെ എട്ടാമത് പതിപ്പായ മറാഇ 2025ന്റെ ഉദ്ഘാടന പരിപാടികളിൽനിന്ന്
സമാപനത്തിൽ, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിൽ കിരീടാവകാശിയുടെയും പ്രധാനമന്ത്രിയുടെയും നേതൃത്വത്തിലുള്ള സർക്കാർ പരിപാടികളെ ഹമദ് രാജാവ് പ്രശംസിച്ചു. പ്രദർശനം സംഘടിപ്പിച്ചതിലും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിലും മുനിസിപ്പാലിറ്റീസ് കാര്യ-കാർഷിക മന്ത്രാലയത്തിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. മേള ഡിസംബർ 13 വരെ നീണ്ടുനിൽക്കും. പൊതുജനങ്ങൾക്ക് പ്രവേശനം ഇന്നലെ മുതലാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

