മത നിരപേക്ഷത നേരിടുന്നത് കടുത്ത വെല്ലുവിളിയെന്ന് സ്വരാജ്
text_fieldsമനാമ : സമകാലിക ഇന്ത്യയിൽ മത നിരപേക്ഷത അപകടകരമായ വെല്ലുവിളികൾ നേരിടുയാണെന്നും അതിനെതിരെ മത നിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉയർന്നു വരേണ്ടതുണ്ടന്നും എം. സ്വരാജ് എം.എൽ.എ പറഞ്ഞു.‘പ്രതിഭ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ.എം.എസ്^എ.കെ.ജി ദിനാചരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കു ഒരു ആന്തരികമായ കരുത്തുണ്ട് . അത് മത നിരപേക്ഷ പാരമ്പര്യത്തിെൻറ കരുത്താണ്. ചരിത്രം പരിശോധിച്ചാൽ ബുദ്ധനും, അശോക ചക്രവർത്തിയുമെല്ലാം ഈ മൂല്യം ഉയർത്തിപിടിച്ചവരാണെന്ന് കാണാൻ കഴിയും. ഇന്ത്യയിൽ ഒരുകാലത്തും ഭരിക്കുന്ന വ്യക്തിയുടെ മതമോ ജാതിയോ നോക്കി ഒരു രാഷ്ട്രീയ ചർച്ചയും ഉണ്ടായിട്ടില്ല.ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഈ രാജ്യത്ത് ദീർഘ കാലം ഭരണം നടത്തിയിരുന്നത് ദൽഹി സുൽത്താൻമാരും മുഗൾ ചക്രവർത്തിമാരും ആയിരുന്നു. ഇന്ത്യയിൽ മുസ്ലിം മതവിശ്വാസികൾ നിരവധി തവണ ഉന്നത ഭരണാധികാരികളായിട്ടുണ്ട് . അന്നൊന്നും താക്കോൽ സ്ഥാനത്ത് വരുന്നവരുടെ മതവും ജാതിയും ഒന്നും പ്രശ്നമല്ലായിരുന്നു . ഇന്ന് സ്ഥിതിഗതികൾ മാറി. അതിന് കാരണമായത് ആർ.എസ്.എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയതാണ്. ലോകത്തിലെ തന്നെ മറ്റൊരു സംഘടനയുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത തരത്തിലുള്ള ലക്ഷണമൊത്ത ഫാഷിസ്റ്റ് ഭീകര സംഘടനയാണ് ആർ.എസ്.എസ്. മുസ്സോളിനിയും ഹിറ്റ്ലറും കൊണ്ടുനടന്ന ആശയങ്ങൾ തന്നെയാണ് ആർ.എസ്.എസും ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ ഭീഷണിയായി അവർ കാണുന്നത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയുമാണ്.
ഇക്കാര്യം എഴുതിവച്ചിരിക്കുന്ന പുസ്തകമാണ് ‘വിചാരധാര’. അത് പ്രാമാണിക ഗ്രന്ഥമായി അംഗീകരിച്ച സംഘടനയാണ് ആർ.എസ്.എസ്. അവർക്ക് മറ്റു ജനവിഭാഗങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ. ആർ.എസ്.എസ് നിയന്ത്രിത ഭരണം തുടർന്നാൽ രാജ്യം നിരപരാധികളായ മനുഷ്യരുടെ ശ്മശാന ഭൂമി ആയി മാറും. ദേശീയത തർക്കവിഷയം ആയി ഉയർത്തികൊണ്ടുവന്ന് എതിർക്കുന്നവരെയെല്ലാം ദേശദ്രോഹികൾ എന്ന മുദ്രചാർത്തുകയാണ് സംഘ് പരിവാർ. ഇന്ത്യൻ മത നിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ അത് ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ട കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി എവിടെ എത്തി നിൽക്കുന്നു എന്നതും ഈ അവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്.കഴിഞ്ഞ 40 കൊല്ലമായി തോറ്റുകൊണ്ടേയിരിക്കുന്ന രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് മാറി.
ഇന്ത്യയിൽ മത നിരപേക്ഷതയുടെ ഒരു ബദൽ ഉയർന്നു വരിക തന്നെ ചെയ്യും. അതിനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഇ.എം.എസ്^എ.കെ.ജി സ്മരണ. ഒാർമ പുതുക്കൽ കേവലം അനുഷ്ഠാനമല്ലെന്നും മറിച്ച് പോരാട്ടങ്ങൾക്കുള്ള ഊർജ്ജം ആർജിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ വ്യക്തിത്വത്തിെൻറ ഉടമകളായിരുന്നു എ.കെ.ജിയും ഇ.എം.എസും. സ്വാതന്ത്ര്യത്തിെൻറ പൊൻപുലരി ദിനത്തിലും അധ്വാനിക്കുന്നവന് വേണ്ടി ജയിലിൽ കിടക്കേണ്ടി വന്ന എ.കെ.ജി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതീകം ആയിരുന്നു.ഇന്ത്യൻ പാർലമെൻറിലെ ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ നാവായിരുന്നു അദ്ദേഹമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. അദ്ലിയ ബാങ് സാങ് തായ് ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പി.കെ.രാജേഷ് അധ്യക്ഷനായിരുന്നു.
മഹേഷ് മൊറാഴ സ്വാഗതം ആശംസിക്കുകയും സി.വി.നാരായണൻ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ‘പ്രതിഭ’യുടെ സ്നേഹോപഹാരം എം. സ്വരാജിന് സി.വി.നാരായണൻ സമർപ്പിച്ചു. കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
