ലുലു ഗ്രൂപ് ബഹ്റൈനിൽ നാല് പുതിയ സ്റ്റോറുകൾകൂടി തുറക്കും; നിക്ഷേപം ഇരട്ടിയാക്കും
text_fieldsലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ
മനാമ: ഗൾഫ് മേഖലയിലെ റീട്ടെയിൽ രംഗത്തെ അതികായന്മാരായ ലുലു ഗ്രൂപ് ഇന്റർനാഷനൽ ബഹ്റൈനിലെ തങ്ങളുടെ നിക്ഷേപവും സാന്നിധ്യവും ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ സ്റ്റോറുകൾകൂടി തുറക്കാൻ പദ്ധതിയിടുന്നു.
നിലവിൽ 13 ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിന് ബഹ്റൈനിലുള്ളത്. ഗേറ്റ്വേ ഗൾഫ് 2025 ഫോറത്തിൽ സംസാരിക്കവെ, ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് ഈ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇ-കോമേഴ്സിന്റെ വളർച്ചക്കിടയിലും ലുലു ഗ്രൂപ് തങ്ങളുടെ സാന്നിധ്യം ശക്തമായി വർധിപ്പിക്കുകയാണ്. യുവാക്കളുടെ എണ്ണക്കൂടുതലും നഗരങ്ങളുടെ വികസനവുമാണ് ഇതിന് കാരണം. അതിനാൽ, ഫിസിക്കൽ റീട്ടെയിൽ മേഖല ചുരുങ്ങുകയല്ല, മറിച്ച് വളരുകയാണെന്ന് യൂസുഫലി വ്യക്തമാക്കി. കാലത്തിനൊത്ത് മാറുന്നതിനായി ഡിജിറ്റൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളിലും ലുലു ഗ്രൂപ് വലിയ നിക്ഷേപം നടത്തുന്നുണ്ട്. ഈ സാങ്കേതികവിദ്യകൾ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ നിർണായകമാണ്.
ജി.സി.സി രാജ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് പരമപ്രധാനമാണെന്ന് യൂസുഫലി ഊന്നിപ്പറഞ്ഞു. കർഷകർ, ഉൽപാദകർ, റീട്ടെയിലർമാർ എന്നിവർ തമ്മിലുള്ള ശക്തമായ സഹകരണം വിതരണ ശൃംഖല നിലനിർത്താൻ അത്യാവശ്യമാണ്. ലുലു ഗ്രൂപ് 16 രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ സംഭരിച്ച്, വർഷത്തിൽ 365 ദിവസവും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നു. ഇത് മേഖലയുടെ ഭക്ഷ്യസുരക്ഷയെയും സുസ്ഥിര വിതരണ ശൃംഖലയേയും പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിന്റെ ഭാഗമായി, ലുലു ഗ്രൂപ് ചെയർമാൻ ബഹ്റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി, രാജ്യത്തെ ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

