ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്; ഗ്രാൻഡ് ഫിനാലെ നാളെ രാജ് കലേഷും, ആബിദ റഷീദും മുഖ്യാതിഥികളായെത്തും
text_fieldsമനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരം ‘ലുലു ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന്‍റെ ഗ്രാൻഡ് ഫിനാലെ നാളെ. സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് പാർക്കിങ്ങിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകീട്ട് 6 മുതലാണ് പരിപാടി.
ബഹ്റൈനിലെ ഏറ്റവും രുചിയേറും ബിരിയാണി പാചകം ചെയ്യുന്നവരെ കണ്ടെത്താനാണ് ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്. സെമിഫൈനലിൽ മത്സരിച്ച 30 പേരിൽനിന്നാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ‘ബഹ്റൈൻ ബിരിയാണി ദം സ്റ്റാറി’നെ തിരഞ്ഞെടുക്കും. വിജയികൾക്ക് സ്വർണനാണയമടക്കമുള്ള സമ്മാനങ്ങളാണ് നൽകുന്നത്.
സെമിഫൈനൽ മത്സരത്തിൽ കേരളത്തിലും ബഹ്റൈനിലും പ്രചാരത്തിലുള്ള തലശ്ശേരി, കോഴിക്കോടന്‍, മലബാര്‍ തുടങ്ങിയ ബിരിയാണികള്‍ക്ക് പുറമെ പ്രത്യേക രുചിക്കൂട്ടുകളിലുള്ള ബിരിയാണികളും ഒരുക്കിയാണ് കുടുംബിനികളുള്പ്പെടെയുള്ളവര് പങ്കെടുത്തത്. സെലിബ്രിറ്റി ഷെഫുമാരായ ആബിദ റഷീദ്, പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷ് എന്നിവരാണ് ഫൈനലിൽ വിധികർത്താക്കളായി എത്തുന്നത്.
ലൈവായി ബിരിയാണി പാകം ചെയ്താണ് മത്സരാർഥികൾ തമ്മിൽ ഫൈനലിൽ മാറ്റുരക്കുക. ആബിദ റഫീഖ്, ആൻസി ജോഷി, ഫാത്തിമ ഫഹ്മിദ് ഫിറോസ്, കെ.എൻ സന്തോഷ്, സിജി ബിനു, ജംസീന നംഷിത്, ജസീറ നജീബ്, ലുബിന ഷഫീഖ്, സലീന റാഫി, സുലേഖ ഷൗക്കത്തലി എന്നിവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയവർ.
വിരുന്നെത്തുന്നു...
മലബാറിന്റെ തനതായ മാപ്പിള വിഭവങ്ങളെയും തനതു രുചിക്കൂട്ടുകളെയും ആഗോളതലത്തിൽ പ്രശസ്തമാക്കിയ പ്രമുഖ സെലിബ്രിറ്റി ഷെഫും സംരംഭകയുമാണ് ആബിദ റഷീദ്. കോഴിക്കോടൻ പാചക പാരമ്പര്യത്തിന്റെ തനിമ ചോരാതെ, തലമുറകളായി കൈമാറിവന്ന വിഭവങ്ങൾ അതിന്റെ ശുദ്ധമായ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇവർ പ്രധാന പങ്കുവഹിക്കുന്നു. പരമ്പരാഗത മസാലക്കൂട്ടുകൾ, തനത് മലബാറി പലഹാരങ്ങൾ എന്നിവ സ്വന്തം ബ്രാൻഡിലൂടെ വിപണിയിലെത്തിക്കുന്നതിനൊപ്പം, വിദേശ സഞ്ചാരികൾക്കായി 'കുലിനറി ടൂറിസം' വിജയകരമായി നടത്തിക്കൊണ്ട് മലബാർ പാചകകലയുടെ ആഗോള അംബാസഡറായി ഇവർ തിളങ്ങിനിൽക്കുന്നു. ‘ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്’ വേദിയിൽ ആബിദ റഷീദും നിങ്ങളോടൊപ്പമുണ്ടാകും.
മുഖത്തുമാത്രമല്ല, ശരീരമാകെ പടരുന്ന ചിരിയും സ്റ്റോപ്പില്ലാത്ത സംസാരവുമായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അവതാരകനാണ് രാജ് കലേഷ് എന്ന 'കല്ലു'.
തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ടെലിവിഷൻ അവതാരകൻ, മജീഷ്യൻ, ഷെഫ്, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ, ചലച്ചിത്ര നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു ബഹുമുഖ പ്രതിഭയാണ്.
മലയാളത്തിലെ മുൻനിര ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ ഷോകളിലൂടെയും പ്രത്യേകിച്ച് കുക്കറി ഷോകളിലൂടെയും മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ, പ്രത്യേകിച്ച് വീട്ടമ്മമാരുടെ പ്രിയങ്കരനായി മാറിയ കല്ലു ദം ദം ബിരിയാണി വേദിയെ ധന്യമാക്കാനെത്തും.
പെരുന്നാൾ ആഘോഷം നിറയുന്ന മത്സര വേദി പ്രവേശനം സൗജന്യം
ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, മുട്ടിപ്പാട്ട്, ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡ് വിരുന്നാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.
പ്രവേശനം സൗജന്യമാണ്. പ്രേക്ഷകരെ കാത്തിരിക്കുന്നത് സിൽവൽ ബാർ, വൗച്ചറുകൾ, വിലപിടിപ്പുള്ള സമ്മാനങ്ങൾ എന്നിവ ലഭിക്കുന്ന ഫാമിലി ഗെയിമുകളും എന്‍റർ ടൈമെന്‍റുകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

