സ്നേഹത്തിന്റെ സാന്റാക്ലോസ്
text_fieldshttps://www.madhyamam.com/tags/Christmas
വിണ്ണിലും മണ്ണിലും നക്ഷത്രങ്ങള്‍ നിറയുന്ന തണുപ്പൂറിയിറങ്ങുന്ന കാലമായാണ് ഓർമകളിലെപ്പോഴും ക്രിസ്മസ് കാലം കടന്നുവരുന്നത്. ഓരോ വര്‍ഷത്തിലെയും ഏറ്റവും നല്ല കാലാവസ്ഥയുള്ള സമയം. തണുപ്പാണെങ്കിലും ഏറെ സുഖകരമായ അന്തരീക്ഷമായതിനാല്‍ ഏവര്‍ക്കും പ്രിയപ്പെട്ട സമയമാണ് ക്രിസ്മസ്.
എല്ലായിടത്തും അലങ്കാരങ്ങള്‍ നിറയുന്ന എല്ലായിടവും മനോഹരമാകുന്ന കാലം. ക്രിസ്മസ് ആഘോഷങ്ങള്‍ ലോകമെങ്ങും നിറയുമ്പോഴും ഇതിന്റെ യാതൊരു അനുരണനങ്ങളും അറിയാത്ത ഒരു കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. കാരണം ഹിന്ദു, മുസ്ലിം മതസ്ഥര്‍ മാത്രം ഇടതൂര്‍ന്ന് വസിക്കുന്ന ഞങ്ങളുടെ പ്രാദേശികമായ പ്രത്യേകത തന്നെ കാരണം. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയെന്ന തീരദേശ ഗ്രാമത്തില്‍ പേരിന് പോലും അക്കാലത്ത് ഞങ്ങള്‍ക്കാര്‍ക്കും ക്രിസ്തീയ മതസ്ഥരായ ഒരാളെയും അറിയില്ലായിരുന്നു.
ചെറുപ്പത്തില്‍ കേട്ട സാന്റാ കഥകളൊക്കെ കെട്ടുകഥകള്‍ മാത്രമാണെന്ന് കരുതിയിരിക്കുന്ന സമയം. ആറാം ക്ലാസിലേക്കുള്ള സ്കൂള്‍ മാറ്റത്തിലാണ് ഹിന്ദു - മുസ്ലിം സമൂഹത്തിന് വേണ്ടി സ്ഥാപിതമായ മാര്‍ത്തോമ യു.പി സ്കൂളിനെപ്പറ്റി ഞങ്ങള്‍ അറിയുന്നത്. അതുവരെയും ആ അപ്പര്‍ പ്രൈമറി സ്കൂള്‍ ഞങ്ങള്‍ക്ക് ‘അരയന്റെ സ്കൂള്‍’ ആയിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും മാത്രം താമസിക്കുന്ന ഒരു പ്രദേശത്ത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ ഒരു ക്രിസ്ത്യാനികളുടെ വിദ്യാലയം. ആ അധ്യയന വര്‍ഷത്തിലാണ് ഞങ്ങളുടെ മതേതരത്വം പൂര്‍ണമായതെന്ന് പറയാം. മദ്റസയില്‍ നിന്നും പഠിച്ച ഇസ്ലാമിക പാഠങ്ങളിലും മലയാളം പാഠപുസ്തകങ്ങളില്‍ നിന്നും പഠിച്ച ഹൈന്ദവ പാഠങ്ങളില്‍ നിന്നും വെള്ളിയാഴ്ചകളില്‍ നടക്കുന്ന ബൈബിള്‍ ക്ലാസുകളില്‍ നിന്നും ഞങ്ങളേവരും കേട്ടുവളര്‍ന്നത് നന്മയുടെ സന്ദേശങ്ങളായിരുന്നു. ക്ലാസ് റൂമുകളില്‍നിന്ന് മാറി മരച്ചുവടുകളിലും കടപ്പുറത്തും ഇരുന്ന് നുകര്‍ന്ന അറിവിന്റെ വെളിച്ചവും കൂട്ടായ പഠന അന്തരീക്ഷവും ഇത്തരമൊരു വിദ്യാലയത്തിന്റെ ചുറ്റുപാടുകളും ഞങ്ങളുടെ മതേതര കാഴ്ചപ്പാടുകളെ പരുവപ്പെടുത്താന്‍ മുതല്‍ക്കൂട്ടായി.
ആറാം ക്ലാസിന്റെ ക്രിസ്മസ് സമയത്താണ് ഞാന്‍ ആദ്യമായി സാന്റാ വേഷമണിയുന്നത്. സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ സാന്റാക്ലോസിന്റെ വേഷത്തിലെത്തിയ എന്റെ ക്ലാ, ക്ലാാ, ക്ലു, ക്ലൂൂ എന്ന ഭാഷയെ ക്രിസ്മസ് സന്ദേശമായി മലയാളത്തില്‍ തര്‍ജമ ചെയ്ത് അവതരിപ്പിച്ചത് സുഹൃത്ത് ശ്രീലാലാണ്. ആ പരിപാടിയുടെ മുഴുവന്‍ ചുമതലയും സംവിധാനവും നിര്‍വഹിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട ശിബി ടീച്ചറും. പരിപാടികള്‍ക്ക് ശേഷം ക്ലാസുകളിലേക്ക് മടങ്ങിയ ഞങ്ങളെക്കാത്ത് എത്തിയത് യു.എസ്.എയില്‍ നിന്ന് മിഷിനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച് നമ്മുടെ നാട്ടിലേക്ക് അയച്ച ഒരുപിടി സമ്മാനങ്ങളായിരുന്നു. ഇതിന് പുറമേ സാമ്പത്തികമായി പരിമിതി അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും പഠന ഉപകരണങ്ങളും. സാന്റയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് സ്നേഹം നിറച്ച മറുപടിയായിരുന്നു അത്തവണത്തെ ക്രിസ്മസ്. വളര്‍ന്ന് വരുമ്പോഴാണ് സ്നേഹമെന്ന ഒരൊറ്റ മതത്തിന്റെ നിരവധി കഥകള്‍ ആഘോഷിക്കപ്പെടുന്നത് അറിയുന്നത്. സ്കൂളും പ്രവര്‍ത്തനങ്ങളും ഇന്നും മനോഹരമായി നടന്നു വരുന്നുണ്ട്, ഒരൊറ്റ ക്രിസ്ത്യാനി വിദ്യാർഥിയും ഇല്ലാതെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

