ആകാശയാത്രയിലെ പകൽക്കൊള്ള
text_fieldsപ്രവാസജീവിതത്തിൽനിന്ന് തെല്ലൊരാശ്വാസം തേടി അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഇരുട്ടടിയെന്നോണം ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ പതിവ് പകൽക്കൊള്ള ആവർത്തിച്ചിരിക്കയാണ്. ഓൺലൈൻ ടിക്കറ്റ് എന്ന ചൂഷണം ഇന്ന് ചൂതാട്ടമായി മാറിയിരിക്കയാണ്. വിമാനക്കമ്പനികൾതന്നെ ടിക്കറ്റ് തടഞ്ഞുവെച്ച് തിരക്കുണ്ടാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ വിമാനക്കമ്പനികളുടെ വാർഷിക വരുമാനത്തിെന്റ ഭൂരിഭാഗവും ശേഖരിക്കുന്ന കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരോടാണ് ഈ ക്രൂരത അധികവും കാണിക്കുന്നത്. സീസൺ സമയങ്ങളിൽ നിരക്ക് വർധിപ്പിക്കാൻ അധികൃതർ പറയുന്ന ന്യായം യാത്രക്കാർ കൂടുതലുണ്ട് എന്നതാണ്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ സർവിസുകൾ വർധിപ്പിക്കുകയല്ലേ പരിഹാരമായിട്ടുള്ളത്. അല്ലാതെ ഉള്ള സർവിസുകളുടെ നിരക്ക് വർധിപ്പിക്കുന്നത് എന്ത് മാനദണ്ഡത്തിെന്റ അടിസ്ഥാനത്തിലാണ്?
മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുംബസമേതം നാട്ടിലെത്താനുള്ള തയാറെടുപ്പിലാണ്. എന്നാൽ, ഈ തിരക്ക് ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്ന് പല കുടുംബങ്ങൾക്കും രണ്ടുവർഷമായി നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. സാഹചര്യം അനുകൂലമായപ്പോൾ നാട്ടിലെത്താൻ പാടുപെടുന്നവർക്ക് അന്യായമായ ടിക്കറ്റ് നിരക്ക് വർധന തിരിച്ചടിയാണ്. അതിനാൽ ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
ഫൈസൽ ചെറുവണ്ണൂർ
പ്രവാസികളേയും രാജ്യസഭയിലേക്ക് പരിഗണിക്കണം
പ്രവാസലോകത്ത് സാമൂഹിക, സാംസ്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായവരെ വരും കാലങ്ങളിൽ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യാൻ സർക്കാർ തയാറാകണം. കലാ, കായിക മേഖലകളിലെ മികവ് മുൻനിർത്തി ഇളയരാജ, പി.ടി. ഉഷ എന്നിവരടക്കമുള്ളവരെ ഇത്തവണ പരിഗണന ലഭിച്ചതുപോലെ പ്രവാസികളുടെയിടയിൽനിന്ന് സാമൂഹികസേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് രാജ്യസഭയിലേക്കു കടന്നുവരാൻ ഒരവസരം നൽകണം.
പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സാമൂഹിക പ്രവർത്തകർ പാർലമെന്റിലും കടന്നുവന്നാൽ നിയമനിർമാണ പ്രക്രിയയിൽ അത് മുതൽക്കൂട്ടാകും. വിവിധ രംഗങ്ങളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്നവരിൽ ചുരുക്കം ചിലർ വേണ്ടത്ര ഹാജർ ഇല്ലാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറുന്ന അവസ്ഥയുണ്ട്. ഇതിൽനിന്ന് വ്യത്യസ്തമായി, പ്രവാസികളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്കു രാജ്യസഭയിൽ എത്തിയാൽ മികവ് തെളിയിക്കാനാകും എന്നത് പരിഗണിക്കപ്പെടേണ്ടതാണ്.
സുനിൽ തോമസ്, റാന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

